മഡഗാസ്‌കറിലെ ‘കോവിഡ് അത്ഭുത മരുന്ന്’ ടാന്‍സാനിയ കൈപ്പറ്റിയിരിക്കുന്നു; WHO തല്ക്കാലം മാറി നിൽക്കുക

single-img
9 May 2020

ഡൊഡോമ:കോവിഡിനെ ചികിത്സിക്കാന്‍ മഡഗാസ്‌കറില്‍ നിന്നുള്ള ഔഷധമരുന്നിന്റെ ആദ്യ ചരക്ക് ടാന്‍സാനിയയിലെത്തി. മരുന്ന് സംബന്ധിച്ച് ലോകാരോഗ്യസംഘടന നല്‍കിയ മുന്നറിയിപ്പുകളേയും മറികടന്നാണ് ടാന്‍സാനിയയുടെ ഈ നീക്കം. കോവിഡ് ചികിത്സയ്ക്കായി മഡഗാസ്‌കറില്‍ നിന്നുള്ള മരുന്ന് ലഭിച്ചതായി ടാന്‍സാനിയന്‍ സര്‍ക്കാര്‍ വക്താവ് ഹസ്സന്‍ അബാസ് ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡിനെ ചികിത്സിക്കാന്‍ കോവിഡ് ഓര്‍ഗാനിക്‌സ് എന്ന പേരില്‍ മഡഗാസ്‌കര്‍ തയ്യാറാക്കിയ മരുന്നാണ് ടാന്‍സാനിയയിലെത്തിച്ചത്. ഔഷധസസ്യങ്ങളുപയോഗിച്ച് തയ്യാറാക്കിയതാണെന്നും ഈ മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നുമാണ് മഡഗാസ്‌കറിന്റെ അവകാശവാദം. എന്നാല്‍ ഫലം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ മരുന്നുചികിത്സ അംഗീകരിക്കാനാവില്ലെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

മഡഗാസ്‌കറിലെ പരമ്പരാഗത ഔഷധ സസ്യങ്ങളില്‍ കഴിഞ്ഞ 30 വര്‍ഷങ്ങളായി ഗവേഷണങ്ങള്‍ നടത്തുന്ന മലഗാസി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് റിസേര്‍ച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് ‘ കൊവിഡ് ഓര്‍ഗാനിക്‌സ് ‘ എന്ന ഈ മരുന്ന് നിര്‍മിച്ചത്. ഔഷധച്ചെടിയായ ആര്‍ടെമിസിയയില്‍ നിന്നാണ് ഈ മരുന്നുണ്ടാക്കിയിരിക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

കോവിഡ് ഓര്‍ഗാനിക്‌സ് ചരിത്രം തിരുത്തുമെന്നാണ് മഡഗാസ്‌കറിന്റെ പ്രസിഡന്റായ ആന്‍ഡ്രി രജോലിന നേരത്തെ പറഞ്ഞത്. മരുന്ന് കോവിഡ് രോഗികളില്‍ പരീക്ഷിച്ചതായും രണ്ട് പേര്‍ക്ക് രോഗം ഭേദമായതായും രജോലിന പറഞ്ഞു. കൂടാതെ പൊതുവേദിയില്‍ ഈ മരുന്ന് കുടിച്ചു കാണിക്കുകയും ചെയ്തു രജോലിന. പാവപ്പെട്ടവര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ മരുന്ന് സൗജന്യമായി നല്‍കുന്നുണ്ട്.

ടാന്‍സാനിയയ്ക്ക് പുറമേ ഇക്വട്ടോറിയ. ആഫ്രിക്കന്‍ റിപ്പബ്ലിക്, കോംഗോ, ലിബിയ തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളും മഡഗാസ്‌കറിന്റെ അത്ഭുതമരുന്നിന് ആവശ്യകരായി എത്തിയിട്ടുണ്ട്. പലരാജ്യങ്ങളിലേക്കും മരുന്ന് കയറ്റി അയച്ചുകൊണ്ടിരിക്കുകയാണ്. ടാന്‍സാനിയയില്‍ 509 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 21 പേര്‍ മരിച്ചു. മഡഗാസ്‌കറിലാവട്ടെ 193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.