പണിയെടുക്കാൻ മനസ്സുള്ളവരാണോ? പണിയുണ്ട്… ഇത്രയുംനാൾ നിങ്ങളത് കാണാത്തതാണ്

single-img
9 May 2020

മരപ്പണിക്കാരനോ പ്ലംബറോ ഇലക്ട്രീഷ്യനോ ആരായാലും അവർക്ക് പണിയുണ്ട്. വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവര്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ വീണ്ടും ചർച്ചയാകുകയാണ്. ദൈനംദിന ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കാനുള്ളതാണ് ആപ്ലിക്കേഷന്‍.

ഈ ആപ്പ് നേരത്തേതന്നെ ഉണ്ടായിരുന്നു. എന്നാല്‍, അധികം ശ്രദ്ധിക്കപ്പെടാതിരുന്ന ആപ്പ് ഇപ്പോള്‍ പ്രവാസികളുടെ മടങ്ങിവരവോടെവീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെ.എ.എസ്.ഇ.) ആണ് വ്യവസായ പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും സഹകരണത്തോട പദ്ധതി നടപ്പാക്കുന്നത്.

യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് സേവനദാതാവിന് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം. ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തേക്ക് അടിയന്തരാവശ്യത്തിനായി തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കും ഈ ആപ്പ് സഹായകമാണ്.

ഗൃഹോപകണങ്ങളുടെ അറ്റകുറ്റപ്പണികളും സര്‍വീസിങ്ങും നടത്തുന്നവരെയാണ് ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ക്ലീനിങ് തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്‍, തുണി അലക്കുകയും തേയ്ക്കുകയും ചെയ്യുന്നവര്‍, വീട്ടിലെത്തി കുട്ടികളെ പരിപാലിക്കുന്നവര്‍, ആശുപത്രികളിലും വീടുകളിലും വയോജനപരിപാലനം നടത്തുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടിപാര്‍ലര്‍ സേവനം നല്‍കുന്നവര്‍ എന്നിവരാണ് ആപ്പിലുള്ളത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അടിസ്ഥാനവിവരങ്ങള്‍ നല്‍കി വിദഗ്ധ തൊഴിലാളിയായോ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളിയെ തേടുന്നവര്‍ക്ക് വളരെ കുറച്ച് വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഐ.ടി.ഐ.യിലോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ ബന്ധപ്പെടാം.

തൊഴില്‍ തേടുന്നവര്‍ അറിയാവുന്ന തൊഴില്‍, കൂലി, തിരിച്ചറിയല്‍ രേഖ എന്നിവ നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. തൊഴില്‍ പരിശീലനം നേടിയിട്ടുള്ളവര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും കോഴ്സുകളില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശസ്ഥാപന വാര്‍ഡ് അംഗത്തിന്റെയോ കൗണ്‍സിലറുടെയോ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. കൂലിയും യോഗ്യതയും പരിശോധിച്ചാണ് ജോലിക്കാരെ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.