മദ്യ വില്പനയിൽ ഞങ്ങളെ നിങ്ങൾ പരാജയപ്പെടുത്തിയതിൽ സന്തോഷം; റോയൽ ചലഞ്ചേഴ്‌സ്നെ ട്രോളി സൂപ്പർ കിങ്‌സ്

single-img
9 May 2020

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎല്ലിൻ്റെ കാര്യം അനിശ്ചിതത്വത്തിലാണ്. കളത്തിൽ മത്സരങ്ങൾ നടക്കുന്നില്ലെങ്കിലും കളത്തിനു പുറത്ത് ടീമുകൾ തമ്മിൽ സോഷ്യൽ മീഡിയ ബാറ്റിലുകൾ സർവസാധാരണമാണ്. അത്തരം ഒരു സോഷ്യൽ മീഡിയ ബാറ്റിലിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് തുടക്കം കുറിച്ചിരിക്കുന്നത്.

കർണാടകയിൽ മദ്യവില്പന സർവകാല റെക്കോർഡ് തൊട്ടതോടെയാണ് സിഎസ്കെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ട്രോളി രംഗത്തെത്തിയത്. ‘മദ്യ വില്പനയിൽ ബാംഗ്ലൂരും ചെന്നൈയും തമ്മിൽ നടക്കാനിടയുള്ള മത്സരത്തെപ്പറ്റി ഒട്ടേരെ ചർച്ചകൾ നടന്നിരുന്നു. ഏറ്റവും പുതിയ ഒരു അറിയിപ്പ് പ്രകാരം ആ മത്സരം തുടങ്ങുന്നതിനു മുൻപ് തന്നെ തോറ്റതില്‍ ഞങ്ങള്‍ക്ക് സന്തോഷേേമയുള്ളൂ. ഈ സമയത്ത് ചുറ്റുമുള്ള ലോകത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.’- ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ട്വീറ്റില്‍ പറയുന്നു.

ലോക്ക് ഡൗണിനു ശേഷം മദ്യ വില്പന പുനരാരംഭിച്ച കർണാടകയിൽ റെക്കോർഡ് വില്പനയാണ് രേഖപ്പെടുത്തിയത്. 197 കോടി രൂപയുടെ മദ്യമാണ് മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ പിറ്റേ ദിവസമായ ചൊവ്വാഴ്ച കർണാടകയിൽ വിറ്റഴിച്ചത്. സാധാരണ രീതിയിൽ 90 കോടി രൂപയുടെ മദ്യമാണ് ദിവസേന കർണാടകയിൽ വിൽക്കാറുള്ളത്. ഇതിൻ്റെ ഇരട്ടിയോളമാണ് ചൊവ്വാഴ്ചത്തെ കണക്ക്.

ഇതിനു മുൻപ് സംസ്ഥാനത്തെ ഒരു ദിവസത്തെ റെക്കോർഡ് മദ്യവില്പന 170 കോടിയായിരുന്നു. 2019 ഡിസംബർ 28ന് സ്ഥാപിക്കപ്പെട്ട ഈ റെക്കോർഡാണ് തകർക്കപ്പെട്ടത്. മദ്യ ഷോപ്പുകൾ തുറന്നതിൻ്റെ ആദ്യ ദിനമായ തിങ്കളാഴ്ച 45 കോടി രൂപയുടെ മദ്യ വില്പന മാത്രമാണ് രേഖപ്പെടുത്തിയത്.