ലോക്ക്ഡൗണിൽ ഷോക്കടിപ്പിച്ച് കെ.എസ്.ഇ.ബി ;​ ​വൈദ്യുതി ബില്ല് കണ്ട് തലയിൽ കൈവെച്ച്​ ഉപഭോക്താക്കൾ

single-img
9 May 2020

തൊടുപുഴ: ലോക്ഡൗൺകാലത്ത്​ ഉപഭോക്താക്കൾക്ക്​ ഇരട്ടി ഷോക്കായി വൈദ്യുതി ബില്ലുകൾ. വൈദ്യുതി ഉപയോഗം കൂടിയതോടെ ഷോക്കടിപ്പിക്കുന്ന ബില്ലുകളാണ് മിക്ക ഗാർഹിക ഉപഭോക്താക്കൾക്കും ലഭിക്കുന്നത്​. മാത്രമല്ല, ബില്ലിലെ തെറ്റുകളും അവ്യക്തതകളും ഉപഭോക്താക്കളുടെ കീശ കാലിയാക്കുന്നതാണ്​. വൈദ്യുതി ഉപയോഗം കൂടിയപ്പോൾ താരിഫ് മാറിയതാണ് പലർക്കും ബിൽ തുകയിൽ വലിയ വ്യത്യാസമുണ്ടാകാൻ കാരണം. ലോക്ഡൗണിൽ കാലത്ത്​ അടഞ്ഞുകിടന്ന വ്യാപാരസ്ഥാപനങ്ങൾ തുറന്നവരും ബില്ല്​ കണ്ട്​ ഞെട്ടിയിരിക്കുകയാണ്​.

വീടുകളിൽ ആളുകൾ ലോക്ഡൗണിൽ ഇരുന്നപ്പോൾ വൈദ്യുതിച്ചെലവ് കൂടി. എ.സി, ഫാൻ, ടി.വി, റഫ്രിജറേറ്റർ, കമ്പ്യൂട്ടർ എന്നിവയുടെ ഉപയോഗം വർധിച്ചതും ഉപഭോഗം കൂടാൻ കാരണമായി. ഇതോടെ പലരും തങ്ങളുടെ സ്ലാബുകൾ മാറി ഉയർന്ന സ്ലാബിൽ എത്തിയതാണ് ഗാർഹിക ഉപഭോഗം കൂടാൻ കാരണമായത്.

അതേസമയം, ഒരു ഓഫിസിലേക്ക്​ മൂന്ന്​ വൈദ്യുതി ബില്ലുകൾ വരെ ലഭിച്ചവരുണ്ട്​. ഒരു ബില്ലിൽ 5213 ആ​െണങ്കിൽ അതേ ദിവസം തന്നെ നൽകിയ ഓൺലൈൻ ബില്ലിൽ 6210 ആണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. മാത്രമല്ല, ഈ ബില്ലുകളിലോരോന്നിലും വ്യത്യാസവുമുണ്ട്​. ഇതുസംബന്ധിച്ച്​ ചോദിപ്പോൾ അധികൃതർക്ക്​ വ്യക്തമായ ഉത്തരവുമില്ല. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നാലും ഇവരിൽനിന്നും മിനിമം നിരക്ക് ഈടാക്കുന്നതാണ് ബിൽ തുക കാര്യമായി കുറയാതിരിക്കാൻ കാരണമെന്നാണ്​ അധികൃതർ പറയുന്നത്​.

വ്യാപാരസ്ഥാപനങ്ങൾ ഉയർന്ന സ്ലാബിലായിരിക്കും ബിൽ തുക കൂട്ടുന്നത്. ഇതുമൂലം വൈദ്യുതി ഉപയോഗം കുറഞ്ഞാലും കണക്​ടഡ്​ ലോഡ് അനുസരിച്ച് ഉയർന്ന താരിഫാണ് ഉള്ളത്. ഇതിന്​ അനുബന്ധമായി ഫിക്‌സഡ് ചാർജ് കൂടുതലായിരിക്കും. വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫിക്‌സഡ് ചാർജ്, മീറ്റർ വാടക അടക്കമുള്ള തുക അടക്കണം. വ്യാപാരസ്ഥാപനങ്ങൾ അടച്ച് വരുമാനമില്ലാതിരുന്ന വ്യാപാരികൾക്ക് ഫിക്‌സഡ് നിരക്ക് അടക്കമുള്ളവ കുറച്ച് നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്​.