‘നിസ്സാരമെന്ന് കരുതുന്ന കുഞ്ഞു കാര്യങ്ങളാകും ആവശ്യഘട്ടങ്ങളിൽ മുഖ്യം’ ;സിംകാർഡ് വാങ്ങിക്കാത്തത് പ്രവാസികൾക്ക് തിരിച്ചടിയായി

single-img
9 May 2020

തിരുവനന്തപുരം: നിസ്സാരമെന്നു കരുതിയ സൗജന്യ സിംകാർഡിന് വലിയ വിലയുണ്ടെന്ന് തിരിച്ചെത്തിയ പ്രവാസികൾ തിരിച്ചറിഞ്ഞു. വിമാനത്താവളത്തിൽ മുഖ്യപരിഗണന നൽകി സിംകാർഡ് വിതരണംചെയ്തെങ്കിലും പലരും വാങ്ങാൻ തയ്യാറായില്ല. അതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ അവർക്ക് മറ്റൊരു മാർഗവുമില്ലാതായി. വിദേശത്തെ സിം നാട്ടിൽ ഉപയോഗിക്കാൻ കഴിയുന്നവർ വിരളമാണെന്ന തിരിച്ചറിവില്ലാത്തതാണ് അവരെ കുടുക്കിയത്.

ക്വാറെന്റെൻ കേന്ദ്രത്തിലെ മുറികളിൽ കയറിക്കഴിഞ്ഞാൽ പുറംലോകവുമായി ബന്ധപ്പെടാനുള്ള മാർഗം ഫോൺ മാത്രമാണ്. ഇതു പരിഗണിച്ചാണ് വിമാനത്താവളത്തിൽ മുഖ്യപരിഗണന നൽകി സിംകാർഡ് വിതരണംചെയ്തത്. എന്നാൽ, വിമാനമിറങ്ങിയ പലരും സിംകാർഡ് നിരസിച്ചുവെന്നാണ് അധികൃതർ പറയുന്നത്. ഫോൺ വിളിക്കാനുള്ള സൗകര്യക്കുറവ് പ്രവാസികൾക്കുതന്നെ തിരിച്ചടിയായി.

ഇവരിൽ ജീവിതശൈലീരോഗങ്ങളായ രക്തസമ്മർദം, പ്രമേഹം തുടങ്ങിയവയുള്ളവരുണ്ട്. ഇത്തരക്കാർക്ക് ആവശ്യമായ മരുന്നുകളും കേന്ദ്രത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്വാറന്റെെൻ കേന്ദ്രത്തിൽ കഴിയുന്നവരുമായി ഡോക്ടർ അടക്കമുള്ള ആരോഗ്യസംഘം ബന്ധപ്പെടുന്നതും ഫോണിലൂടെയാണ്. കേന്ദ്രത്തിലെത്തിയ 37 പേരുമായി നേരിട്ടുസംസാരിച്ച് വിവരശേഖരണം നടത്താൻ പ്രയാസമാണെന്ന് കാളികാവിന്റെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ ഡോ. ജസീല വളപ്പിൽ പറഞ്ഞു.

ജീവിതശൈലീരോഗങ്ങളുള്ള പ്രവാസികൾക്ക് ഫോണിലൂടെ സംസാരിച്ചാണ് മരുന്നുകൾപോലും നൽകുന്നതെന്ന് ഡോക്ടർ പറഞ്ഞു. നമ്പർ ഇല്ലാത്തവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് ബി.എസ്.എൻ.എൽ. സിംകാർഡ് നൽകുമെന്ന് അറിയിച്ചതായും ഡോക്ടർ പറഞ്ഞു