പഠനം തുടങ്ങണം, വിദ്യാർഥികൾ ‘സ്മാർട്ടാണോ’: സർക്കാർ കണക്കെടുക്കുന്നു

single-img
8 May 2020

തിരുവനന്തപുരം: ജൂണിൽത്തന്നെ ഓൺലൈനിലൂടെ അധ്യയനം തുടങ്ങണമെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ സ്‌കൂൾ, കോളേജ് വിദ്യാർഥികളിൽ എത്രപേർ ‘സ്മാർട്ട്’ ആണെന്ന കണക്ക് സർക്കാർ ശേഖരിക്കുന്നു. ഓൺലൈൻ ക്ലാസുകൾ തുടങ്ങുമ്പോൾ എത്ര കുട്ടികൾക്ക് അത് പ്രാപ്യമാകുമെന്നറിയാൻ വീട്ടിൽ സ്മാർട്ട് ഫോൺ, ഇന്റർനെറ്റ്, കംപ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളുണ്ടോ എന്ന വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്.

സ്‌കൂൾ വിദ്യാർഥികളിൽ പകുതിയിലധികം പേരുടെ വീടുകളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്. ഭൂരിഭാഗത്തിനും ടി.വിയുണ്ട്. കോളേജ് വിദ്യാർഥികളിൽ മുക്കാൽ പങ്കിനും സ്മാർട്ട് ഫോണുണ്ട്. ലാപ്ടോപ്പോ, കംപ്യൂട്ടറോ നല്ലൊരു ശതമാനത്തിനുമുണ്ട്.കോളേജിലെ ആർട്‌സ് വിഷയങ്ങൾ റേഡിയോ വഴി പഠിപ്പിക്കാമെന്ന സൂചനയും സർവേ നൽകുന്നു. കുട്ടികളുടെ സമീപത്തുലഭിക്കുന്ന എഫ്.എം., ചാനൽ എന്നിവയുടെ വിവരങ്ങളും ചോദിച്ചിട്ടുണ്ട്. സ്കൂൾതലത്തിൽ നാല് ജില്ലകളിൽനിന്നുള്ള വിവരശേഖരണമേ പൂർത്തിയായിട്ടുള്ളൂ. സ്‌കൂളിൽ ക്ലാസുകൾ പ്രധാനമായും വിക്ടേഴ്‌സ് ചാനൽ വഴി നൽകും.

സംസ്ഥാനത്തെ പതിനാറായിരത്തിൽപ്പരം സ്‌കൂളുകളിലും സ്മാർട്ട് ക്ലാസുണ്ട്. എല്ലാ കോളേജിലും സ്മാർട്ട് ക്ലാസ് റൂം നേരത്തേതന്നെ സജ്ജമാക്കിയിട്ടുണ്ട്.കേന്ദ്ര സിലബസ് സ്‌കൂളുകൾ അധ്യാപകർക്ക് ക്ലാസെടുക്കാനായി വീഡിയോ കോൺഫറൻസ് ആപ്പായ സൂം ഉപയോഗിക്കുന്നുണ്ട്. കോളേജ് വിദ്യാർഥികൾക്കായി ഓരോ മണിക്കൂർ ദൈർഘ്യമുള്ള മൊഡ്യൂൾ തയാറാക്കാനും നിർദേശമുണ്ട്.

സ്‌കൂൾതലത്തിൽ എസ്.എസ്.എസായും ഉന്നതവിദ്യാഭ്യാസരംഗത്ത് കോളീജിയറ്റ് ഡയറക്ടറേറ്റുമാണ് കണക്കെടുക്കുന്നത്. അടച്ചിടൽ കഴിഞ്ഞാലും നിയന്ത്രണങ്ങൾ കുറച്ചുകാലത്തേക്കുകൂടി തുടരുമെന്നാണ് വിലയിരുത്തൽ.സെപ്റ്റംബറിലേ അടുത്ത അധ്യയന വർഷം ആരംഭിക്കൂവെന്നാണ് യു.ജി.സി. നിർദേശിച്ചത്. ഇത് സെമസ്റ്റർ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസസമ്പ്രദായത്തെ ആകെ ബാധിക്കും. ഇതിന് പരിഹാരമായാണ് ജൂണിൽത്തന്നെ ക്ലാസുകൾ ഓൺലൈനായി തുടങ്ങാൻ സർക്കാർ നിർദേശിച്ചത്.

പ്രിൻസിപ്പൽമാരാണ് സർവേ പൂർത്തിയാക്കി നൽകേണ്ടത്. അവധിക്കാലമായതിനാൽ കുട്ടികളിൽനിന്ന് നേരിട്ടുള്ള കണക്കെടുപ്പിന് ബുദ്ധിമുട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ ലഭ്യമാകാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് അതിനുള്ള സൗകര്യം ഒരുക്കും.