ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം;ബിജെപി പ്രവർത്തകൻ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

single-img
8 May 2020

തൃശ്ശൂർ: കൊറോണയുടെ രണ്ടാം വരവും ഏതാണ്ട് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതിന്റെ ആശ്വാസത്തിലാണ് കേരളം. എന്നാൽ അതിനിടയിലും കേരളത്തിന്റെ ഈ പോരാട്ടത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ചിലരുമുണ്ട്. തൃശ്ശൂരിലെ ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ചാണ് ചിലർ ഭാഗവത പാരായണം നടത്തിയത് . എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 100 ലേറെ ആളുകളാണ് പങ്കെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാവിലെ 7.30 ക്ക് ആയിരുന്നു സംഭവം. ലോക്ക് ഡൗൺ നിയമം ലംഘിച്ചതിനാണ് എരുമപ്പെട്ടി പൊലീസ് കേസെടുത്തത്. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് പകുതിയിലേറെ ആളുകൾ ഓടി രക്ഷപ്പെട്ടു.

ആർഎസ്എസ് നിയന്ത്രണത്തിലുള്ളതാണ് ക്ഷേത്രം. ലോക്ക് ഡൗൺ തുടങ്ങിയിട്ടും ക്ഷേത്രം അടച്ചിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ദിവസവും ദര്‍ശനത്തിന് വിശ്വാസികളെത്തിയിരുന്നു.