മദ്യശാലകൾ തുറക്കും, പക്ഷേ കെെപൊള്ളും: സംസ്ഥാനത്ത് മദ്യത്തിനു വിലകൂട്ടുവാൻ നിർദ്ദേശവുമായി ധനവകുപ്പ്

single-img
8 May 2020

ലോക് ഡൗണിനുശേഷം മദ്യശാലകൾ തുറക്കുമ്പോൾ മദ്യത്തിനു വിലകൂടുമെന്നു സൂചനകൾ. സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മദ്യത്തിന്മേലുള്ള നികുതി കൂട്ടാനാണ് ആലോചന. മദ്യനികുതി കൂട്ടണമെന്ന നിർദ്ദേശം ധനവകുപ്പാണ് മുന്നോട്ട് വച്ചിരിക്കുന്നത്. 

നിലവിൽ മദ്യത്തിന് ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവ് അനുവദിച്ചതിനെ തുടർന്ന് മദ്യവില്പന പുനരാരംഭിച്ച ഡൽഹിയും ഉത്തർപ്രദേശും നികുതി കൂട്ടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നികുതി കൂട്ടാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

സംസ്ഥാന സർക്കാരിൻ്റെ പ്രധാന വരുമാന മാർഗമാണ് മദ്യവില്പന. ലോക്ക് ഡൗൺ നിലവിൽവന്നതോടെ മദ്യവില്പനശാലകളും ബാറുകളും പൂട്ടി. ഇതോടെ സംസ്ഥാനത്തിന്റെ വരുമാനം കുത്തനെ താഴ്ന്നു. ശമ്പളവും പെൻഷനും കൊടുക്കാനുള്ള പണം കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുകയാണ്.ഈ സാഹചര്യത്തിൽ പിടിച്ചു നിൽക്കാൻ മദ്യവിലകൂട്ടിയേ മതിയാകുവെന്ന നിലപാടിലാണ് ധനവകുപ്പ്.