രോഗിയായ ഭർത്താവിനെ പരിചരിക്കാനെന്നു പറഞ്ഞു യാത്രാനുമതി സംഘടിപ്പിച്ചു: യുവതി കാമുകനൊപ്പം ഒളിച്ചോടി

single-img
8 May 2020

കോവിഡിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനെന്ന പേരില്‍ യാത്രാ പാസ് സംഘടിപ്പിച്ച യുവതി കാമുകനൊപ്പം പോയി. വെളിയങ്കോട് സ്വദേശിയായ യുവതിയാണ് പൊലിസിനെ കബളിപ്പിച്ച് കണ്ണൂരിലേക്കു യാത്രാ പാസ് സംഘടിപ്പിച്ച് ഒളിച്ചോടിയത്. വീട്ടുകാരുടെ പരാതിയില്‍ പിടിയിലായ യുവതി വീട്ടുകാരുടെ തന്നെ സമ്മതത്തോടെതന്നെ കാമുകനെ വിവാഹവും കഴിച്ചു. 

വര്‍ഷങ്ങള്‍ക്കു മുന്‍പേ വിവാഹ മോചിതയായ യുവതി രോഗിയായ ഭര്‍ത്താവിനെ പരിചരിക്കാന്‍ എന്നു പറഞ്ഞാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. കണ്ണൂരില്‍ ബിസിനസ് ചെയ്യുന്ന യുവാവിനൊപ്പമാണ് യുവതി പോയത്. യുവാവുമായി യുവതിക്ക് ഫോണിലൂടെയുള്ള അടുപ്പമായിരുന്നു. രണ്ടുപേരും ഒളിച്ചോടാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ലോക് ഡൗണായതിനാല്‍ ഒന്നും നടക്കാതെ പോകുകയായിരുന്നു. ലോക് ഡൗണ്‍ നീട്ടിയതോടെ പൊലിസിനെ കബളിപ്പിച്ച് യാത്രാനുമതി സംഘടിപ്പിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. 

യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊന്നാനി പൊലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നു കാര്യം മനസിലായ പൊലീസ് യുവതിയെയും കാമുകനെയും കയ്യോടെ പിടികൂടുകയായിരുന്നു. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിലും പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് യാത്രാനുമതി നേടിയതിനും ഇരുവരേയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. തുടർന്നു  രണ്ടുപേരുംബന്ധുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായി.