മദ്യവില്‍പ്പനകേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കാൻ ഇ-ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

single-img
8 May 2020

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ച മദ്യ വിൽപ്പന പുനരാരംഭിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. എന്നാൽ നിലവിലെ സാഹചര്യത്തിൽ മദ്യവിൽപ്പന ശാലകളിൽ ഉണ്ടാകാൻ സാധ്യതയുള്ള തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ സംവിധാനങ്ങളും സർക്കാർ ഒരുക്കുന്നുണ്ട്.

മദ്യവില്‍പ്പനകേന്ദ്രങ്ങളില്‍ തിരക്കൊഴിവാക്കാന്‍ ഇ-ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. ആളുകളെ നിയന്ത്രിക്കാന്‍ മാര്‍ഷല്‍മാരെയും നിയമിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇതുസംബന്ധിച്ച്‌ നിര്‍ദേശമുള്ളത്.

https://www.qtoken.in എന്ന വെബ്സൈറ്റില്‍ പേരും മൊബൈല്‍ നമ്ബറും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ടോക്കണ്‍ ലഭിക്കുക. മൊബൈല്‍ നമ്ബറിലേക്ക് ടോക്കണ്‍ മെസേജായി ലഭിക്കും. ടോക്കണിലുള്ള സമയം അനുസരിച്ച്‌ അടുത്തുള്ള മദ്യശാലയിലെത്തി മദ്യം വാങ്ങണമെന്നാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

തിങ്കളാഴ്ച മുതല്‍ ഡല്‍​ഹിയില്‍ മദ്യക്കടകള്‍ തുറന്നിരുന്നു. 864 മദ്യശാലകളാണ് ഡല്‍ഹി നഗരത്തിലുള്ളത്. ഇതില്‍ സര്‍ക്കാരിന്റെ കീഴിലുള്ള 172 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി. മദ്യം ഓൺലൈനായി വീട്ടിലെത്തിക്കുന്നതിനെപ്പറ്റിയും അലോചനയുണ്ട്.

മദ്യക്കടകള്‍ തുറന്നതിനുശേഷം ചൊവ്വാഴ്ച റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. 7.65 കോടി രൂപയുടെ മദ്യമാണ് അന്നേദിവസം വിറ്റതെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍, രാവിലെ 9മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനം.തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തനസമയം നീട്ടണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.