കോവിഡ് വൈറസ് പ്രഭവകേന്ദ്ര പഠനങ്ങളില്‍ നിര്‍ണായക കണ്ടെത്തലുകൾക്കരികിൽ ; ദുരൂഹത നിറച്ച് ശാസ്ത്രഞ്ജന്റെ മരണം

single-img
8 May 2020

ചൈനീസ് വംശജനായ കൊറോണ വൈറസ് ഗവേഷന്‍ ബിങ് ലിയു (37) അമേരിക്കയില്‍ വെടിയേറ്റു മരിച്ചതോടെ വൈറസിനെ ചൊല്ലി ലോകമെമ്പാടും പരക്കുന്ന നിഗൂഢ സിദ്ധാന്തങ്ങള്‍ക്ക് ചൂടേറുന്നു. പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസറായ ബിങ്ങിനെ ശനിയാഴ്ച വീടിനുള്ളിലാണു വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ‌

കോവിഡ് 19 രോഗത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ നിര്‍ണായക കണ്ടെത്തലിനു വളരെ അടുത്തെത്തിയിരുന്നു ബിങ് എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ ഇതൊരു കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നു സമൂഹമാധ്യമങ്ങളില്‍ പലരും ചൂണ്ടിക്കാട്ടി. തലയിലും കഴുത്തിലും പല തവണ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. 46-കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ ഹാവോ ഗു ആണ് ബിങ്ങിനെ വെടിവച്ചു കൊന്നതെന്നും ഇയാള്‍ പിന്നീട് ജീവനൊടുക്കിയെന്നും പൊലീസ് പറഞ്ഞു. ഇരുവരും സുഹൃത്തുക്കളാണെന്നാണു പൊലീസ് നിഗമനം. പ്രണയപങ്കാളിയെ ചൊല്ലി ഏറെ നേരം നീണ്ട തര്‍ക്കത്തിനൊടുവിലാണു കൊലപാതകം എന്നും പൊലീസ് പറഞ്ഞു. ലിങ്ങിന്റെ ഗവേഷണങ്ങളുമായി കൊലയ്ക്കു ബന്ധമില്ലെന്നാണു പൊലീസ് പറയുന്നത്.

കോവിഡ് 19 വ്യാപനത്തെക്കുറിച്ചുള്ള നിര്‍ണായക കണ്ടെത്തലിന്റെ പടിവാതില്‍ക്കലായിരുന്നു ബിങ് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ചൈനയില്‍ ജനിച്ച ബിങ് സിംഗപ്പൂരില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ശേഷമാണ് അമേരിക്കയില്‍ ഗവേഷണത്തിന് എത്തിയത്.
അമേരിക്കന്‍ ലാബില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നു ബിങ് കണ്ടെത്തിയിട്ടുണ്ടാകാം എന്നാണു ചൈനയിലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള ചർച്ചകൾ. കൊറോണ വൈറസിനെക്കുറിച്ചുള്ള ദുരൂഹത വെളിച്ചത്തു കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു ബിങ് എന്നും പലരും അഭിപ്രായപ്പെടുന്നു.

വൈറസിന്റെ പ്രഭവകേന്ദ്രം അമേരിക്കയാണെന്നും യുഎസ് സൈനികരാണ് വുഹാനിലേക്ക് വൈറസിനെ എത്തിച്ചതെന്നും ചൈന നേരത്തെ ആരോപിച്ചിരുന്നു. ബിങ്ങിന്റെ ചൈനീസ് പശ്ചാത്തലം അദ്ദേഹത്തിന് യുഎസില്‍ അപകടമായെന്നു ചിലര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എന്നാല്‍ ബിങ്ങിന്റെ മരണത്തിനു പിന്നില്‍ ചൈനീസ് അധികൃതരാണെന്ന തരത്തിലും ട്വിറ്ററില്‍ ചിലർ സംശയം പങ്കുവച്ചിട്ടുണ്ട്