പ്രവാസികള്‍ ജാഗ്രത; കൊവിഡിനിടയില്‍ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കുന്ന സംഘം സജീവം
കൊറോണ ഭീതിയിൽ മടക്കയാത്രയ്ക്ക് എംബസിയില്‍ നിന്ന് അറിയിപ്പിനായി കാത്തിരിക്കുന്ന പ്രവാസികളെ ലക്ഷ്യമിട്ട് തട്ടിപ്പുസംഘം സജീവം. വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മൊബൈൽ ഫോണിൽ ഒ.ടി.പി വരുമെന്നും അത് പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടാണ് എംബസിയിൽ നിന്നെന്ന വ്യാജേന ഫോണ്‍ വിളിക്കുന്നത്. ഇതിലൂടെ പ്രവാസികളുടെ അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി പണം അപഹരിക്കുന്ന ഇവർ ചെയ്യുന്നത്.
ഇത്തരത്തിലുള്ള തട്ടിപ്പ് സംഘത്തിനെതിരെ മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് രംഗത്തെത്തി. ‘നാട്ടിലേക്കുള്ള തിരികെ യാത്രയുടെ പേരില്‍ ചില തട്ടിപ്പുകാർ ഇന്ത്യക്കാരെ ഫോണില്‍ വിളിക്കുന്നതായും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും(OTP) ശേഖരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പക്ഷെ ഇത്തരത്തിൽ പ്രവാസികളുടെ അക്കൌണ്ട് വിവരങ്ങള്‍ കോണ്‍സുലേറ്റ് ശേഖരിക്കുന്നില്ലെന്നും ടിക്കറ്റിനുള്ള പണം വിമാന കമ്പനികളില്‍ നേരിട്ടാണ് അടയ്ക്കേണ്ടതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്ത് അറിയിച്ചു. ഇതിന് മുൻപ് ഇന്ത്യയിൽ നിന്നുള്ള രക്ഷാവിമാനങ്ങൾക്കായി രജിസ്റ്റര്‍ ചെയ്യാനുള്ള ഗൂഗിൾ ഫോമുകള്‍ എന്ന പേരില്‍ ലിങ്കുകള്‍ വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു.ഇതുപോലുള്ള വ്യാജ സന്ദേശ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ നാട്ടിലേക്ക് വരാനായി എംബസി വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.