കുന്നംകുളം ജുമാ മസ്ജിദിൽ വിലക്ക് ലംഘിച്ച് പ്രാർത്ഥന: ഒൻപതുപേർ അറസ്റ്റിൽ, ഏഴുപേർ ഓടിരക്ഷപ്പെട്ടു

single-img
7 May 2020

തൃശൂര്‍ കുന്നംകുളം ആയമുക്ക് ജുമാ മസ്ജിദിൽ വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന സംഘടിപ്പിച്ചതിൻ്റെ പേരിൽ അറസ്റ്റ്. ഇന്നലെ രാത്രിയാണ് സംഭവം. എട്ടരയോടെയായിരുന്നു പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഒന്‍പത് പേരെ അറസ്റ്റ് ചെയ്തു. ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു. 

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു പ്രാർത്ഥന. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം പുരോഗമിക്കുകയാണ്. ഇതിന് തൊട്ടുമുന്‍പ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ ആരാധനാലയങ്ങള്‍ അടച്ചിടണമെന്ന് വീണ്ടും നിര്‍ദേശിച്ചിട്ടുണ്ട്. 

ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം അനുസരിച്ച് സംസ്ഥാനം പുറത്തിറക്കിയ മാര്‍ഗരേഖയിലും ഇത് ആവര്‍ത്തിക്കുന്നുണ്ടെന്നിരിക്കേയാണ് വിലക്ക് ലംഘിച്ച് പ്രാർത്ഥന സംഘടിപ്പിച്ചത്.