സ്വന്തം അധ്വാനത്തിൻ്റെ വിലയെന്തെന്ന് ലോക് ഡൗൺ മലയാളിയെ പഠിപ്പിച്ചു: ലോക്ഡൗൺ കാലത്തു വിറ്റഴിച്ചതു 50 ലക്ഷം പാക്കറ്റ് പച്ചക്കറി വിത്ത്

single-img
7 May 2020

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവു നിലച്ചാല്‍ പട്ടിണിയാകുമെന്നു മലയാളി തിരിച്ചറിഞ്ഞതോടെ കഥ മാറുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് കൂടുതല്‍ മലയാളികള്‍ കൃഷിയെ ഹൃദയപൂര്‍വം നെഞ്ചിലേറ്റിക്കഴിഞ്ഞു. തിരിച്ചറിവിൻ്റെ ഇക്കാലത്ത് പച്ചക്കറി- പഴം പ്രമോഷന്‍ കൗണ്‍സില്‍ വിറ്റഴിച്ചതു 50 ലക്ഷം പാക്കറ്റ് പച്ചക്കറി വിത്തുകളാണ്. വില്‍പന കൂടിയതോടെ ജൂണിനു മുമ്പായി 65 ലക്ഷം പാക്കറ്റുകള്‍ കൂടി വി.എഫ്.പി.സി. തയാറാക്കുന്നുണ്ട്. 

ഇപ്പോൾ നടന്നിരിക്കുന്നത് സര്‍വകാല റെക്കോഡ് വില്‍പനയാണെന്ന് അധികൃതര്‍ പറഞ്ഞു. ശരാശരി 5-6 ലക്ഷം രൂപയാണു കാക്കനാട് കേന്ദ്രത്തിലെ പ്രതിദിന വിറ്റുവരവ്. ആറിനം പച്ചക്കറികളുടെ വിത്താണു പായ്ക്കറ്റില്‍. 35- 60 രൂപയാണു വില. കാലവര്‍ഷത്തിനു മുമ്പായി കൃഷിഭവന്‍ വഴി വിത്തുകള്‍ വിതരണം ചെയ്യാറുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെ ഈമാസം തന്നെ കൃഷിഭവനുകള്‍ക്ക് വിത്ത് കെെമാറും. 

കൃഷിഭവന്‍ വഴി വിത്ത് കൊടുത്താല്‍ കൂടുതല്‍ കുടുംബങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വീട്ടില്‍ ആഴ്ചകളോളമായി വെറുതേയിരിക്കുമ്പോള്‍ മിക്കവരും ഇപ്പോള്‍ പച്ചക്കറി കൃഷിയിലേക്കു തിരിഞ്ഞതാണ് മാറ്റം കൊണ്ടുവന്നത്. ഇത്തരക്കാരെ സഹായിക്കാനായി വെജിറ്റബിള്‍ ചലഞ്ച് പദ്ധതിയുമുണ്ട്. മൂന്നു സെന്റ് വരെയുള്ളവര്‍ക്കു പച്ചക്കറി നടാനായി 250 രൂപയുടെ കിറ്റ് റെഡിയാണ്. 

തയാറാക്കിയ 5,000 കിറ്റുകളും വിറ്റുകഴിഞ്ഞു. വളം, െജെവ കീടനാശിനി, വിവിധതരം വിത്ത് അടങ്ങിയതാണു കിറ്റ്. തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറച്ച് സംസ്ഥാനത്തെ ഓരോ കുടുംബത്തെയും പച്ചക്കറി സ്വയംപര്യാപ്തമാക്കുകയാണു ലക്ഷ്യം.

മൂന്നു നാലുമാസത്തിനകം വളര്‍ന്നു വിളവെടുക്കാവുന്ന വിത്തുകളാണു നല്‍കുന്നത്. ആലപ്പുഴയിലെ വിത്തുല്‍പാദന കേന്ദ്രത്തില്‍ നിന്നുള്ള വിത്താണു കൂടുതല്‍ ഉപയോഗിക്കുന്നതെങ്കിലും ചിലയിനം വിത്തുകള്‍ക്കു നാഷണല്‍ സീഡ്‌സ് കോര്‍പറേഷനെ ആശ്രയിക്കുന്നു. കൃഷിക്കാരില്‍ നിന്ന് പച്ചക്കറി ശേഖരിച്ച് വിപണനം ചെയ്യാനുള്ള നടപടികളും ഉദ്ദേശിക്കുന്നുണ്ട്. അവരുടെ മുടക്കുമുതലും അധ്വാനച്ചെലവും കണക്കാക്കിയുള്ള വില നല്‍കുവാനാണ് നീക്കം.