ഡൽഹി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെ എത്തിക്കാനുള്ള ശ്രമവുമായി കേരളം

single-img
6 May 2020

രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നതായി മുഖ്യമന്ത്രി. ഡൽഹിയിലെ ജാമിയ മിലിയയിലെ മലയാളി വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച ഒരു നിർദേശം ഈ മാസം 15-ന് മുമ്പ് ഹോസ്റ്റൽ ഒഴിയണമെന്നാണ്. കാരണം അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. ഇതുപോലെ നിരവധി പ്രശ്‌നങ്ങളുണ്ട്.

സാഹചര്യങ്ങൾ ഇങ്ങിനെയായിരിക്കെ ഡൽഹി, പഞ്ചാബ്, ഹിമാചൽ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ കേരളത്തിലെത്തിക്കാൻ ഊർജിതമായ ശ്രമം കേരളം നടത്തുന്നു എന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ വേണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് കത്തയച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവില്‍ കേരളത്തിന്‌ ലഭിച്ച വിവരങ്ങൾ അനുസരിച്ച് 1200-ഓളം മലയാളികളായ വിദ്യാർത്ഥികൾ തിരികെ വരാൻ ഈ നാല് സംസ്ഥാനങ്ങളിലുണ്ട്.ഏകദേശം 723 പേർ ഡൽഹിയിൽ, 348 പേർ പഞ്ചാബിൽ, 89 പേർ ഹരിയാനയിൽ, ഹിമാചലിൽ 17 പേർ എന്നിങ്ങിനെയാണ്.

ഡൽഹിയിൽ നിന്നും പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാ‍ർത്ഥികൾക്ക് ഡൽഹിയിലെത്തി യാത്ര തുടങ്ങാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേയുമായി ഔപചാരികമായി ബന്ധപ്പെടാൻ ഡൽഹി മുഖ്യമന്ത്രിയോട് കേരളം അഭ്യ‍ർത്ഥിച്ചു.

ഇത്തരത്തില്‍ പ്രത്യേക ട്രെയിനിന്‍റെ തീയതി കിട്ടിയാൽ വിദ്യാർത്ഥികളെ ഡൽഹിയിൽ എത്തിക്കാൻ സംസ്ഥാനസർക്കാരുകളുമായും കേന്ദ്രവുമായും കേരളം ബന്ധപ്പെടുന്നു. മറ്റുള്ള സംസ്ഥാനങ്ങങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഇതുവരെ 6802 പേരാണ് എത്തിയത്. 2,03,189 പേർ കോവിഡ് ജാഗ്രതാ പോർട്ടൽ വഴി റജിസ്റ്റർ ചെയ്‌തു. പാസ്സ് തേടിയത് 69,108 പേരാണ്. 32,878 പാസ്സുകൾ വിതരണം ചെയ്‌തു.