ലംബോര്‍ഗിനി വാങ്ങാന്‍ കാശില്ലെന്ന് അമ്മ; കയ്യില്‍ മൂന്ന് ഡോളറുമായി കാറോടിച്ച് അഞ്ചുവയസുകാരന്റെ യാത്ര

single-img
6 May 2020

ശാരീരിക വൈകല്യമുള്ള ഒരാള്‍ വണ്ടിയോടിക്കുന്നു എന്നാണ് മുന്നിൽ നിന്ന് വന്ന കാറിന് കൈകാണിക്കുമ്പോള്‍ പോലീസിന്റെ ധാരണ. കാര്‍ സൈഡാക്കി നിര്‍ത്തിയപ്പോഴാണ് അതൊരു കുട്ടിയാണെന്ന് അവര്‍ക്ക് മനസിലായത്. പിന്നീടവര്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയപ്പോൾ ശരിക്കും ഞെട്ടിപ്പോയി . ലംബോര്‍ഗിനി വാങ്ങി നല്‍കാന്‍ അമ്മ സമ്മതിക്കാത്തതിനാൽ അഞ്ചുവയസുകാരൻ കാലിഫോര്‍ണിയയിലേക്ക് പോകുകയായിരുന്നു. ഒരു പുതിയ ലംബോര്‍ഗിനി വാങ്ങുകയായിരുന്നു അവന്റെ ലക്ഷ്യം.

അമ്മയോട് പിണങ്ങിയാണ് ഏഡ്രിയന്‍ വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടിലെ കാറുമെടുത്ത് അവന്‍ നേരെ വിട്ടു. യൂട്ടാ പോലീസ് വഴിയില്‍ കൈകാട്ടിയപ്പോള്‍ സൈഡാക്കി നിര്‍ത്തിയെങ്കിലും അവന് കൂസലൊന്നുമുണ്ടായില്ല. പക്ഷെ ഞെട്ടിയത് പോലീസാണ്, അവന്റെ പ്രായം കേട്ടപ്പോള്‍. വെറും അഞ്ച് വയസാണ് ഏഡ്രിയന്. അമ്മയോട് കാര്‍ വാങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ അമ്മ സമ്മതിക്കാത്തതാണ് കാരണം. ഏറ്റവും കുറഞ്ഞ മോഡലിന് പോലും 13 കോടിയിലധികം രൂപ വിലയുള്ള ലംബോര്‍ഗിനി വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമ്മ തറപ്പിച്ച് പറഞ്ഞതോടെ എന്നാല്‍ പിന്നെ താന്‍ തന്നെ പോയി ഒരു കാര്‍ വാങ്ങി വരാം എന്നവന്‍ കരുതി. അവന്റെ പോക്കറ്റിലുണ്ടായിരുന്നതോ വെറും മൂന്ന് ഡോളറും.

അനിയത്തിയെ നോക്കാനേല്‍പിച്ചാണ് ഏഡ്രിയന്റെ അച്ഛനുമമ്മയും ജോലിസ്ഥലത്തേക്ക് പോയത്. മൂത്ത സഹോദരി വീട്ടിലുണ്ടായിരുന്നെങ്കിലും ഉറക്കത്തിലായിരുന്നു. താന്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഏഡ്രിയന്റെ കണ്ടില്ലെന്ന് സഹോദരി പറഞ്ഞു. കാറിന്റെ താക്കോലും കാണാതായതോടെ പരിഭ്രമമായെന്നും കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നുവെന്നും ഏഡ്രിയന്റെ സഹോദരി പറഞ്ഞു. നിലവില്‍ കേസൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെന്ന് യുട്ടാ പോലീസ് അറിയിച്ചു. അപകടമൊന്നുമുണ്ടായില്ലെങ്കിലും കുട്ടികള്‍ കാറോടിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഏഡ്രിയന്റെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും അക്കാര്യം കോടതി തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.