ക്രിക്കറ്റിനെ ഒളിമ്പിക്സിൽ മത്സരഇനമായി ഉൾപ്പെടുത്തണം: ഇയോന്‍ മോര്‍ഗന്‍

single-img
6 May 2020

അന്താരാഷ്‌ട്ര കായികമേളയായ ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി ഇംഗ്ലണ്ടിന്റെ നായകന്‍ ഇയോന്‍ മോര്‍ഗന്‍. ക്രിക്കറ്റിൽ നിലവിൽ വന്ന ഏറ്റവും പുതിയ ഫോര്‍മാറ്റായ ടി10 ഒളിമ്പിക്സിൽ ഉൾപ്പെടുത്താൻ ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അങ്ങിനെ ചെയ്യുന്നത് വഴി വെറും 10 ദിവസത്തിനുള്ളില്‍ തന്നെ ടി10 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇതിന് മുൻപ് 1900ത്തിൽ നടന്ന ഒളിംപിക്സില്‍ ക്രിക്കറ്റിനെമത്സര ഇനമായി ഉള്‍പ്പെടുത്തിയിരുന്നു. മാത്രമല്ല, 1998ൽ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ക്രിക്കറ്റുണ്ടായിരുന്നു. പക്ഷെ അതിന്റെ ശേഷം വലിയ കായിക മേളകളിലൊന്നും ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

മുന്നോട്ടുനോക്കിയാൽ 2022ല്‍ ബെര്‍മിങ്ഹാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 ക്രിക്കറ്റിനെ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ മറ്റ് ഫോർമാറ്റുകൾ ആയ ടി20, ഏകദിനം, ടെസ്റ്റ് എന്നിവയേക്കാള്‍ അനുയോജ്യം ടി10 ആണെന്നു മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

ഇത്രയധികം വേഗവും ആവേശവും നിറഞ്ഞതാണ് ഈ ഫോര്‍മാറ്റ്. ഇപ്പോൾ ഉള്ളതിൽ ക്രിക്കറ്റിലെ ഏറ്റവും പ്രചാരമേറിയ ഫോർമാറ്റ്‌ ടി20 തന്നെയാണ്. ടി10 ഫോര്‍മാറ്റിന് ഐസിസി ഇനിയും അംഗീകാരം നല്‍കിയിട്ടില്ല. എന്നിരുന്നാലും ടി20യെ അപേക്ഷിച്ച് ടി10ന് അതിന്റേതായ മേന്‍മയുണ്ടെന്നും മോര്‍ഗന്‍ പറയുന്നു.