ലോക്ക് ഡൌൺ തീർന്നാൽ എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് കേന്ദ്ര സർക്കാരിന് ധാരണയുണ്ടോ?; ചോദ്യവുമായി കോൺഗ്രസ്

single-img
6 May 2020

രാജ്യത്തെ ലോക്ക് ഡൌണ്‍ അവസാനിക്കുന്ന മെയ് 17ന് ശേഷം എന്ത് ചെയ്യണമെന്നതിനെ സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാരിന് ധാരണയുണ്ടോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്,പി.ചിദംബരം എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് സോണിയ കേന്ദ്രസര്‍ക്കാരിനോട് ഇങ്ങിനെ ചോദിച്ചത്.

രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് സോണിയാ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയത്. “ ലോക്ക് ഡൌണ്‍ തീരുന്ന മെയ് 17 ന് ശേഷം, എന്ത്? ഏത് രീതിയിലുള്ള മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ലോക്ഡൌണ്‍ തുടരാന്‍ വീണ്ടും തീരുമാനമെടുക്കുന്നതെന്നും സോണിയ ചോദിച്ചു.

രണ്ടാം ഘട്ടത്തില്‍ ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിച്ച കേന്ദ്രസര്‍ക്കാരിന് അതിന് ശേഷം എന്ത് ചെയ്യണമെന്ന ധാരണയില്ല. അതിനായി ഒരു വിധത്തിലുള്ള പദ്ധതികളും കേന്ദ്രത്തിന്റെ പക്കലില്ലെന്നും സോണിയ പറഞ്ഞു. അതേസമയം ലോക്ഡൌണ്‍ 3.0ന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയണമെന്ന് മുന്‍പ്രധാനമന്ത്രി കൂടിയായ മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ ആണെങ്കിലും അടുത്തഘട്ടത്തില്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കൃത്യമായ ധാരണ വേണമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളെ കുറിച്ചും നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മൻ‌മോഹൻ സിങ്ങിന്റെ അധ്യക്ഷതയിൽ പതിനൊന്ന് അംഗ കൺസൾട്ടേറ്റീവ് ഗ്രൂപ്പിനും സോണിയ ഗാന്ധി രൂപം നല്‍കി.