വർഷങ്ങൾക്ക് മുൻപ് ചെന്നൈ എന്ന അപരിചിതമായ നഗരത്തിൽ വന്നിറങ്ങിയ താമരൈ എന്ന യുവതി

single-img
6 May 2020

സുനില്‍ മാന്നനൂര്‍

വർഷങ്ങൾക്ക് മുൻപ് ചെന്നൈ എന്ന അപരിചിതമായ നഗരത്തിൽ വന്നിറങ്ങുമ്പോൾ താമരൈ എന്ന യുവതി ഒറ്റക്കായിരുന്നു. കോയമ്പത്തൂരിൽ നിന്ന് ദീർഘമായൊരു ട്രെയിൻ യാത്രയുടെ കടുത്ത ആലസ്യം പൂണ്ടിട്ടായിരുന്നു അവർ ചെന്നൈ എന്ന മഹാനഗരത്തിൽ പാതിരാത്രിക്ക് വന്നിറങ്ങിയത്.

അന്നവരുടെ കയ്യിൽ സ്വന്തമെന്ന് പറയാൻ ഒരു ചെറിയ സ്യൂട്ട്കേസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിലാകട്ടെ മുഷിഞ്ഞ ഏതാനും വസ്ത്രങ്ങളും പിന്നെ അവർക്ക് പ്രിയപ്പെട്ട ചില പുസ്തകങ്ങളും കവിതകൾ കുത്തിക്കുറിച്ച കുറച്ച് നോട്ട്ബുക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ചെന്നൈയിൽ അവർക്ക് സുഹൃത്തുക്കളോ ബന്ധുക്കളോ അങ്ങനെയാരും തന്നെയും ഉണ്ടായിരുന്നില്ല.കോടമ്പാക്കത്തിനടുത്തുള്ള ഗംഗാനഗർ തെരുവിലെ ഒരു ചെറിയ വാടകഫ്ലാറ്റിന്റെ വിലാസവുമായി അന്ന് രാത്രി ഓട്ടോയിലേക്ക് കയറുമ്പോൾ ഭാവിയെ പറ്റി യാതൊരു ഉറപ്പും ആ സ്ത്രീക്ക് ഇല്ലായിരുന്നു.പക്ഷേ ജീവിതത്തിൽ എന്തൊക്കെ വിഷമങ്ങൾ നേരിട്ടാലും ഈ നഗരത്തിൽ നിന്ന് ഇനിയങ്ങോട്ടൊരു തിരിച്ചുപോക്കോ മടക്കമോ ഉണ്ടാകില്ലെന്ന് അവർ മനസ്സ് കൊണ്ട് സ്വയം ഓർമപ്പെടുത്തിയിരുന്നു,അതിന് ഒരു കാരണവുമുണ്ടായിരുന്നു.

വേദനിപ്പിക്കുന്ന കുറേയേറെ ഓർമകൾ സമ്മാനിച്ച ജന്മനാട് വിട്ടിട്ടാണ് അവർ ഇവിടെയെത്തിയത്,അതും ചില സ്വപ്നങ്ങളുടെ പേരിൽ.ഇനിയുള്ള തന്റെ ജീവിതം ആ സ്വപ്നങ്ങൾക്ക് വേണ്ടിയാകുമെന്ന് ചെന്നൈയിൽ കാൽ കുത്തിയ നിമിഷമേ അവർ പ്രതിജ്ഞ എടുത്തിരുന്നു.

വർഷങ്ങൾ,ഓരോന്നായി പിന്നിട്ടപ്പോൾ താൻ നേടണമെന്ന് ആഗ്രഹിച്ച സ്വപ്നങ്ങളെല്ലാം തന്നെയും താമരൈ എന്ന യുവതി നേടിയെടുത്തിരിക്കുന്നു.സിനിമയെ സ്നേഹിക്കുന്ന..സംഗീതത്തെ സ്നേഹിക്കുന്ന ആർക്കും ഇന്ന് താമരൈയെ അറിയാതിരിക്കാൻ തരമില്ല.ഏകാന്തതയിൽ നിന്നും വേദനയിൽ നിന്നും അവരെഴുതിയ വരികളും പാട്ടുകളും ഇന്ന് പതിനായിരങ്ങൾ ഈരടിയാക്കുന്നു..വലിയ വേദികളിൽ പോലും അവ ഏറ്റു പാടുന്നു..താമരൈ എന്ന പേര് പോലും വലിയ ആരാധനയോടെയാണ് കേരളത്തിലടക്കമുള്ള അവരുടെ ആരാധകർ ഉറ്റുനോക്കുന്നത്.

തമിഴ് സിനിമാപ്രേമികൾ മാത്രമല്ല,പാട്ടിനെ സ്നേഹിക്കുന്ന മലയാളികളും താമരൈ എഴുതിയ വരികൾ ഏറ്റുപാടുന്നു.ശുദ്ധമായ തമിഴിൽ എഴുതുന്ന…ദ്വയാർത്ഥങ്ങൾ ഉപയോഗിക്കാത്ത..ഇംഗ്ലീഷ് വാക്കുകൾ ഒരിക്കൽ പോലും തന്റെ വരികളിൽ കടന്നു വരാൻ അനുവദിക്കാത്ത..അശ്ലീലപദങ്ങൾ ഉപയോഗിക്കാത്ത താമരൈയുടെ വരികൾ ആസ്വാദകരെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു..വിജയങ്ങൾ തുടർക്കഥയാക്കി കരിയറിൽ മുന്നേറുമ്പോഴും ജീവിതത്തിൽ താൻ പിന്നിട്ട കനൽപ്പാതകളെക്കുറിച്ചും തിരസ്കരണങ്ങളെക്കുറിച്ചും ഉത്തമബോധ്യമുണ്ട് ഈ സ്ത്രീക്ക്.

കണ്ണദാസനും വാലിയും വൈരമുത്തുവും നാ മുത്തുകുമാറുമെല്ലാം അരങ്ങു വാണ തമിഴ് ഗാനരചയിതാക്കളുടെ കൂട്ടത്തിലേക്ക് ഇന്നൊരു കസേര വലിച്ചിട്ടിരിക്കാൻ തക്ക യോഗ്യത താമരൈക്കുണ്ടെങ്കിൽ,അതിനവരെ പ്രാപ്തയാക്കിയത് പോരാട്ടത്തിന്റെയും സഹനത്തിന്റെയും കനൽച്ചൂടും കാഠിന്യവുമായിരുന്നു.അസാധ്യമെന്ന് തോന്നിക്കുമാറ് ഒരു പെണ്ണിന്റെ അതിജീവനത്തിന്റെ പോരാട്ടമായിരുന്നു ശരിക്കും താമരൈയുടെ ജീവിതം.

താമരൈയെ കുറിച്ച് അറിയുന്നതിന് മുൻപ് അവരുടെ 50 സൂപ്പർഹിറ്റ് ഗാനങ്ങളെ ആദ്യമേ പരിചയപ്പെടുത്തട്ടെ👇👇

0️⃣1️⃣അനൽമേലെ പനിത്തുളി(വാരണം ആയിരം)

0️⃣2️⃣വസീഗരാ(മിന്നലേ)

0️⃣3️⃣കണ്ണാന കണ്ണേ(വിശ്വാസം)

0️⃣4️⃣ഒരു മാലൈ ഇളവെയിൽ നേരം(ഗജിനി)

0️⃣5️⃣ഹോസന്ന ഹോസന്ന(വിണ്ണൈത്താണ്ടി വരുവായ)

0️⃣6️⃣നെഞ്ചുക്കുൾ പെയ്തിടും മാമഴൈ(വാരണം ആയിരം)

0️⃣7️⃣കേളാമൽ കയ്യിലേ(അഴകിയ തമിഴ്‌ മകൻ)

0️⃣8️⃣പാർത്ത മുതൽ നാളെ(വേട്ടയാട് വിളയാട്)

0️⃣9️⃣ഉയിരിൻ ഉയിരേ(കാക്ക കാക്ക)

1️⃣0️⃣തൂവാനം തൂവത്തൂവ(റോമിയോ ജൂലിയറ്റ്)

1️⃣1️⃣തള്ളി പോഗാദേ(അച്ചം എൻബത് മടമയെടാ)

1️⃣2️⃣കൺഗൾ ഇരണ്ടാൽ(സുബ്രഹ്മണ്യപുരം)

1️⃣3️⃣മാലൈ മങ്കും നേരം(രൗദ്രം)

1️⃣4️⃣മന്നിപ്പായാ(വിണ്ണൈത്താണ്ടി വരുവായ)

1️⃣5️⃣മറുവാർത്തൈ പേസാദേ(എന്നൈ നോക്കി പായും തോട്ട)

1️⃣6️⃣അവ എന്ന എന്ന(വാരണം ആയിരം)

1️⃣7️⃣മഞ്ചൾ വെയിൽ മാലയിലെ(വേട്ടയാട് വിളയാട്)

1️⃣8️⃣മുൻദിനം പാർത്തേനേ(വാരണം ആയിരം)

1️⃣9️⃣ഓമനപ്പെണ്ണേ(വിണ്ണൈത്താണ്ടി വരുവായ)

2️⃣0️⃣ഉനക്കെന്ന വേണം സൊല്ല്(യെന്നൈ അറിന്താൽ)

2️⃣1️⃣തൂത് വരുമാ തൂത് വരുമാ(കാക്ക കാക്ക)

2️⃣2️⃣രാസാലീ(അച്ചം എൻബത് മടമയെടാ)

2️⃣3️⃣അടിയേ കൊല്ലുദേ(വാരണം ആയിരം)

2️⃣4️⃣ഉയിരിലേ എൻ ഉയിരിലേ(വേട്ടയാട് വിളയാട്

2️⃣5️⃣ഉൻ സിരിപ്പിനിൽ(പച്ചക്കിളി മുത്തുച്ചരം)

2️⃣6️⃣മഴൈ വര പോഗുദേ(യെന്നൈ അറിന്താൽ)

2️⃣7️⃣അൻപിൽ അവൻ(വിണ്ണൈത്താണ്ടി വരുവായ)

2️⃣8️⃣കണ്ണുക്കുൾ കണ്ണൈ(വിണ്ണൈത്താണ്ടി വരുവായ)

2️⃣9️⃣നെരുപ്പേ സിക്കിമുക്കി(വേട്ടയാട് വിളയാട്)

3️⃣0️⃣കൺഗൾ നീയേ(മുപ്പൊഴുതും ഉൻ കർപ്പനൈഗൾ)

3️⃣1️⃣ഓം ശാന്തി ശാന്തി(വാരണം ആയിരം)

3️⃣2️⃣ഒൻട്രാ രണ്ടാ ആസൈഗൾ(കാക്ക കാക്ക)

3️⃣3️⃣കാതൽ കൊഞ്ചം(പച്ചക്കിളി മുത്തുച്ചരം)

3️⃣4️⃣ഒരു വെട്കം വരുതേ(പസങ്ക)

3️⃣5️⃣രഹത്തുള്ള രഹത്തുള്ള(ഗജിനി)

3️⃣6️⃣നെഞ്ചൈ പൂ പോൽ(മിന്നലേ)

3️⃣7️⃣പൊയ്‌ സൊല്ലക്കൂടാത് കാതലീ(റൺ)

3️⃣8️⃣ഇത് താനാ ഇത് താനാ(സാമി)

3️⃣9️⃣ഇവൻ യാരോ ഇവൻ യാരോ(മിന്നലേ)

4️⃣0️⃣അഴകിയ അസുരാ(വിസിൽ)

4️⃣1️⃣ഇരുവിഴി ഉനത്(മിന്നലേ)

4️⃣2️⃣നീയും നാനും സേരും നേരം(നാനും റൗഡി താൻ)

4️⃣3️⃣തേൻ കാട്ര് വന്തത്(ഗെത്ത്)

4️⃣4️⃣ഓ മായ(ഇരുമുഖൻ)

4️⃣5️⃣സെന്ദൂരാ(ബോഗൻ)

4️⃣6️⃣അൻപേ അൻപേ(ഇത് കതിർവേലൻ കാതൽ)

4️⃣7️⃣നാൻ പോഗിറേൻ(നാണയം)

4️⃣8️⃣എന്നൈ കൊഞ്ചം മാട്രി(കാക്ക കാക്ക)

4️⃣9️⃣ഒരു ഊരിൽ(കാക്ക കാക്ക)

5️⃣0️⃣തെൻട്രൽ എന്തൻ(ഇനിയവളെ)

1975 ഏപ്രിൽ 18ന് തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിലാണ് താമരൈ ജനിച്ചത്.മൂന്നുമക്കളിൽ രണ്ടാമത്തവൾ ആയിരുന്നു താമരൈ.ഭാഷാപണ്ഡിറ്റ് കൂടിയായ അച്ഛന്റെ കണ്ടെത്തലായിരുന്നു താമരൈ എന്ന കാവ്യസുന്ദരമായ പേര്.താമരൈയുടെ അനുജത്തിയുടെ പേര് മല്ലികയെന്നും സഹോദന്റെ പേര് പൂങ്കുന്ദ്രൻ എന്നുമാണ്!!!

താമരൈയുടെ അച്ഛനും അമ്മയും അധ്യാപകരാണ്.അത് കൊണ്ട് തന്നെ,കുട്ടിക്കാലത്തേ ഒരുപാട് വായിക്കാനുള്ള അന്തരീക്ഷം താമരൈക്ക് ഉണ്ടായിരുന്നു.കവിതകൾ കുത്തിക്കുറിക്കലായിരുന്നു അന്ന് താമരൈയുടെ പ്രധാനപ്പെട്ട ശീലം.റേഡിയോയിൽ വരുന്ന സിനിമാപാട്ടുകളുടെ വരികൾ മുടങ്ങാതെ ശ്രദ്ധിച്ചു കേൾക്കുന്നതായിരുന്നു താമരൈയുടെ കുട്ടിക്കാലത്തെ മറ്റൊരു പ്രധാനവിനോദം.

സാഹിത്യം ഐച്ഛികവിഷയമായി പഠിക്കാൻ മോഹമുണ്ടായിരുന്നെങ്കിലും പ്ലസ്‌ടുവിന് നല്ല മാർക്ക് ഉണ്ടായിരുന്നത് കൊണ്ട് താമരൈയെ എൻജിനീയറിങ്ങിനോ മെഡിസിനോ ചേർക്കുന്നതിലായിരുന്നു വീട്ടുകാർക്ക് താൽപ്പര്യം.അങ്ങനെ വീട്ടുകാരുടെ താൽപ്പര്യത്തിന് വഴങ്ങി കോയമ്പത്തൂരിൽ മെക്കാനിക്കൽ എൻജിനീയറിങ് പഠിക്കാൻ താമരൈ ചേർന്നു.പഠനശേഷം അവിടെ തന്നെയുള്ള യൂണിവേഴ്‌സൽ ഹീറ്റ് എക്സ്ചേഞ്ചേഴ്‌സ് എന്ന ഫാക്ടറിയിൽ ജോലിയും ലഭിച്ചു.പ്രഷര്‍ വെസ്സലുകളുണ്ടാക്കുന്ന ആ കമ്പനിയിലെ ഫാബ്രിക്കേഷന്‍ വിഭാഗത്തില്‍ ക്വാളിറ്റി കൺട്രോള്‍ എഞ്ചിനീയറായിട്ടായിരുന്നു താമരൈ ജോലിയിൽ പ്രവേശിച്ചത്.

ഇതിനിടെ അവര്‍ ട്രിച്ചിയിലെ വെല്‍ഡിങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ വനിതാ വിദ്യാര്‍ത്ഥിയുമായി.പഠന-ജോലിതിരക്കുകൾ മൂലം അക്കാലത്ത് ഒന്ന് എഴുതാനോ വായിക്കാനോ പോലുമുള്ള സമയം താമരൈക്ക് ലഭിച്ചിരുന്നില്ല.അങ്ങനെ നീണ്ട ഏഴ് വർഷങ്ങൾ കടന്നു പോയി.അതിനിടെ അവരുടെ വിവാഹവും കഴിഞ്ഞു.കോളേജിൽ കൂടെ പഠിച്ച ആളെ തന്നെയാണ് താമരൈ പ്രണയിച്ച് വിവാഹം കഴിച്ചത്.വ്യത്യസ്ത ജാതികളിൽ നിന്നുള്ളവരായിരുന്നത് കൊണ്ട് തന്നെ വിവാഹത്തിന് ഭർത്താവിന്റെ വീട്ടിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു.സ്ത്രീധനം നൽകാത്തതിലടക്കം പല കാര്യങ്ങളിലും ഭർതൃവീട്ടുകാർക്ക് താമരൈയുടെ കുടുംബത്തിന് മേൽ കടുത്ത അതൃപ്തി ഉണ്ടായിരുന്നു.

4 വർഷം ഒരുമിച്ച് ജീവിച്ചെങ്കിലും മാനസികമായി രണ്ട് ധ്രുവങ്ങളിൽ ആയിരുന്നു താമരൈയും ഭർത്താവും.വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ തുടരുന്നതിനിടെ സാമ്പത്തികമായും താമരൈ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരുന്നു.ഭർത്താവിന് ഫാക്ടറി തുടങ്ങുന്നതിന് വേണ്ടി ബാങ്ക് വായപ താമരൈയുടെ പേരിൽ നിർബന്ധിച്ച് എടുപ്പിച്ചു.ഇത് കൂടാതെ താമരൈയുടെ ശമ്പളമുൾപ്പടെയുള്ള കാര്യങ്ങളിൽ അവരുടെ ഭർത്താവ് അനാവശ്യകൈകടത്തലുകൾ ആരംഭിച്ചതോടെയാണ് അവരുടെ വൈവാഹിക ജീവിതതിൽ വിള്ളലുകൾ വീണു തുടങ്ങിയത്.ഏറെ താമസിയാതെ ദാമ്പത്യജീവിതത്തിന് വിരാമമിടാൻ താമരൈ തീരുമാനിച്ചു.

താൻ എല്ലാ തരത്തിലും ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ നിന്നായിരുന്നു അങ്ങനെയൊരു കടുത്ത തീരുമാനമെടുക്കാൻ അവർ തയ്യാറായത്.വ്യക്തിജീവിതത്തിലെ താളപ്പിഴകൾ കാരണം ജോലിയിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ സാധിക്കാത്തത് കാരണം അവർക്ക് ജോലിയും രാജി വയ്ക്കേണ്ടതായി വന്നു.രാജിക്കത്ത് നൽകിയപ്പോള്‍ കമ്പനിയുടെ എം.ഡി,താമരൈയോട് ജോലി ചെയ്യുന്ന വകുപ്പിന്റെ മേധാവിയാക്കാമെന്ന് വരെ പറഞ്ഞിരുന്നു.

പക്ഷേ ആ ജോലിക്ക് താൻ മാനസികമായി സജ്ജയല്ലെന്നുള്ള സ്വയംതിരിച്ചറിവായിരുന്നു അവരുടെ പിന്മാറ്റത്തിന് പിന്നിലെ മൂലകാരണം.പിന്നീടുള്ള മൂന്ന് വർഷം കോയമ്പത്തൂരിൽ തന്നെ കഴിയുകയായിരുന്നു അവർ,അതും കടുത്ത ഏകാന്തതയെ പുൽകി.വീട്ടുകാരെ ഒരു തരത്തിലും ആശ്രയിക്കാതെ..ജോലി ചെയ്തപ്പോൾ സമ്പാദിച്ച പണം കഷ്ടിച്ചു ചെലവാക്കിയാണ് നിത്യവൃത്തിക്കുള്ള പണം താമരൈ അന്ന് കണ്ടെത്തിയിരുന്നത്.സിനിമക്ക് വേണ്ടി പാട്ടെഴുതണം എന്ന് തന്നെ ആയിരുന്നു അന്നും അവരുടെ ആഗ്രഹം

വിവാഹമോചനത്തിനും ജോലി രാജി വച്ചതിനും ശേഷം താമരൈ തുടരെ തുടരെ കഥകളും കവിതകളും എഴുതി.1994ല്‍ കുമുദവും എയര്‍ ഇന്ത്യയും ചേര്‍ന്ന് നടത്തിയ കവിതാ രചനാമത്സരത്തില്‍ ഒന്നാം സ്ഥാനം താമരൈക്കായിരുന്നു.സിംഗപ്പൂരിലേക്കുള്ള എയര്‍ടിക്കറ്റായിരുന്നു അന്ന് താമരൈക്ക് സമ്മാനമായി ലഭിച്ചത്.പിൽക്കാലത്ത് ഷങ്കർ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട സുജാതയായിരുന്നു
അന്ന് കുമുദം മാഗസിന്റെ പത്രാധിപരായിരുന്നത്.സുജാതയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുമ്പോള്‍ ഒരു കവയിത്രി എന്ന നിലയിൽ താമരൈ സ്വയം തിരിച്ചറിവിന് പാത്രമാകുകയായിരുന്നു.

പഠിക്കുന്ന സമയത്ത് ആനന്ദവികടന്റെ സ്റ്റുഡന്റ് എഡിറ്ററായിരുന്നു.താമരൈ. ഇത് കൂടാതെ ജൂനിയര്‍ വികടനു വേണ്ടി ശ്രീലങ്കയില്‍ നിന്ന് ഒരു മാസത്തോളം റിപ്പോർട്ട് ചെയ്ത അനുഭവവും താമരൈക്കുണ്ട്. എന്നിട്ടും താമരൈയെ പത്രപ്രവർത്തനം എന്ന മേഖല ഒരിക്കലും ആകർഷിച്ചിട്ടില്ല.കാരണം ഒരു ചലച്ചിത്രഗാനരചയിതാവ് ആവുകയെന്നതായിരുന്നു അന്നും അവരുടെ ആത്യന്തികലക്ഷ്യമെന്നത് തന്നെ കാരണം

1997ലാണ് ആദ്യമായി ഒരു സിനിമക്ക് പാട്ടെഴുതാൻ താമരൈക്ക് അവസരം ലഭിക്കുന്നത്.സംവിധായകൻ സീമൻ ഒരുക്കിയ #ഇനിയവളേ എന്ന സിനിമക്ക് വേണ്ടിയായിരുന്നു അത്.താൻ എഴുതിയ കവിതകളുമായി സീമനെ ചെന്ന് കണ്ട താമരൈയോട് സീമൻ പറഞ്ഞത് ഈ സിനിമയിലെ അഞ്ച് പാട്ടുകളും എഴുതിക്കഴിഞ്ഞുവെന്നാണ്.അത് കേട്ട് നിരാശയോടെ മടങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമൊന്നും താമരൈക്ക് മുൻപിൽ ഇല്ലായിരുന്നു.ഒരാഴ്ച കഴിഞ്ഞ് സീമൻ താമരൈയെ ഫോണിൽ വിളിച്ചു.ആറാമത് ഒരു പാട്ട് കൂടി സിനിമയിൽ ഉണ്ടെന്നും അത് താമരൈ എഴുതണമെന്നും ഹീറോയിന്റെ ഒരു ഇൻട്രൊഡക്ഷൻ സോങ് ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.അങ്ങനെ ഒരുപാട് കാലത്തെ സ്വപ്നമായ താമരൈയുടെ ആദ്യ ചലച്ചിത്രഗാനം പുറത്തിറങ്ങി.എന്നാൽ പ്രഭു നായകനായി അഭിനയിച്ച ആ സിനിമ റിലീസായപ്പോൾ വൻപരാജയമായി മാറുകയാണ് ഉണ്ടായത്.പക്ഷേ ഇനിയവളെ റിലീസ് ആകുന്നതിനു മുൻപ് താമരൈക്ക് അടുത്ത സിനിമയിലേക്ക് പാട്ടെഴുതാൻ ക്ഷണം കിട്ടിയിരുന്നു.കാർത്തിക്ക്,അജിത്,റോജ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച #ഉന്നിടത്തിൽഎന്നൈകൊടുത്തേൻ എന്ന സൂപ്പർഹിറ്റ് സിനിമയായിരുന്നു അത്.എന്നാൽ താമരൈ എഴുതിയ പാട്ടിനേക്കാൾ ആ സിനിമയിലെ #ഏതോഒരുപാട്ട് എന്ന ഗാനമായിരുന്നു ആസ്വാദകഹൃദയങ്ങൾ കീഴടക്കിയത്.

കേരളത്തിലടക്കം ആ പാട്ട് വലിയതോതിൽ ജനപ്രീതി നേടി.ഒരു പാട്ടെഴുത്തുകാരി എന്ന നിലക്ക് യാതൊരു പ്രയോജനവും ഈ സിനിമകളൊന്നും താമരൈക്ക് സമ്മാനിച്ചില്ല..ചില തട്ടിക്കൂട്ട് ലോ-ബജറ്റ് പടങ്ങൾക്ക് വേണ്ടിയും അക്കാലത്ത് അവർ പാട്ടുകൾ എഴുതിയിരുന്നു.നാലോ അഞ്ചോ മാസം കൂടുമ്പോഴായിരുന്ന് താമരൈക്ക് അക്കാലത്ത് ഒരു സിനിമക്ക് പാട്ടെഴുതാൻ അവസരം ലഭിച്ചിരുന്നത്.പല സിനിമയിലും താൻ പാട്ടെഴുതിയിട്ടുണ്ടെന്ന് പറഞ്ഞ് സംവിധായകരോട് അവസരങ്ങൾ തേടിയുള്ള യാത്രകളായിരുന്നു അന്ന് അധികവും..അതികഠിനമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടം.ഒരു തരത്തിൽ പറഞ്ഞാൽ ശരിക്കും അതിജീവനം തന്നെ!!

ഒടുവിൽ അത് സംഭവിച്ചു..കരിയറിൽ ആദ്യമായി താമരൈക്ക് ഒരു ബ്രേക്ക് ത്രൂ.2001ലായിരുന്നു അത്.അതിന് വഴി വച്ചതാകട്ടെ നടി സുഹാസിനിയും(ഈ കഥ കുറച്ച് ദിവസം മുൻപേ ഒരു പോസ്റ്റായി ഇവിടെ തന്നെ എഴുതിയിട്ടുണ്ട്)താമരൈയോട് ഒരു പുതിയ സിനിമക്ക് വേണ്ടി പാട്ടെഴുന്നതിനെക്കുറിച്ച് സംസാരിച്ചത് നടി സുഹാസിനിയാണ്.സുഹാസിനിയുടെ സുഹൃത്തായ ഡോ.മുരളി മനോഹര്‍ നിര്‍മ്മിക്കുന്ന #മിന്നലേ എന്ന സിനിമയായിരുന്നു അത്.ഗൗതം മേനോൻ എന്നൊരു പുതിയ ചെറുപ്പക്കാരൻ ഒരുക്കുന്ന സിനിമയാണെന്നും സമയം കിട്ടിയാൽ ഗൗതമിനെ ഒന്നു പോയിക്കാണണമെന്നും സിനിമയുടെ നിർമാതാവായ മുരളി മനോഹർ താമരൈയോട് പറഞ്ഞു.എന്നാൽ ഗൗതമാകട്ടെ പാട്ടെഴുതുന്നതിന് പ്രമുഖ എഴുത്തുകാരന്‍ വാലിയെ അതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞരുന്നു.താമരൈയെ ബുദ്ധിമുട്ടിച്ചതിൽ താൻ ക്ഷമ ചോദിക്കുന്നതായും എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ താമരൈയെ താൻ നേരിട്ട് വിളിക്കാമെന്നും സംവിധായകൻ ഗൗതം മേനോൻ താമരൈയോട് നേരിട്ട് പറഞ്ഞു.

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ താമരൈക്ക് ഗൗതമിന്റെ ഫോണ്‍ വന്നു.ആദ്യ മൂന്ന് പാട്ടെഴുതിക്കഴിഞ്ഞപ്പോള്‍ വാലി സിനിമയിൽ നിന്ന് പിന്മാറിയെന്നും താമരൈ എത്രയും പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് വരണമെന്നുമായിരുന്നു ഗൗതമിന്റെ ആവശ്യം.താമരൈ വേഗം സ്റ്റുഡിയോയിലെത്തി.ഹാരിസ് ജയരാജ് എന്ന പുതുമുഖ സംഗീത സംവിധായകൻ ഒരുക്കി വച്ച ഈണങ്ങൾ അവിടെ താമരൈയെ കാത്തിരിക്കുന്നുണ്ടായിരുന്നു.ഹാരിസ് ഒരു ട്യൂണ്‍ തയ്യാറാക്കി താമരൈക്ക് കൊടുത്തു.വീട്ടിലെത്തി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താമരൈ പല്ലവി എഴുതിത്തീർത്തു.അതിനിടെ ഗൗതം വീണ്ടും താമരൈയെ വിളിച്ചു.”ഹാരിസ് ഒരു പുതിയ ട്യൂണ്‍ തയ്യാറാക്കിയിട്ടുണ്ട്.നമുക്ക് പാട്ടൊന്നു മാറ്റി എഴുതണം”.താൻ കഷ്ടപ്പെട്ടെഴുതിയ പാട്ട് മാറ്റണമെന്ന ആവശ്യം താമരൈയെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.എന്നാൽ പുതിയ ഈണം കേട്ടാല്‍ താമരൈ മറിച്ചൊന്നും പറയില്ലെന്നായിരുന്നു ഗൗതമിന്റെ ഉറപ്പ്.

ഫോണിലൂടെ ഹാരിസ് കേൾപ്പിച്ച ഈണം കേട്ടപ്പോള്‍ തന്നെ പുതിയ പാട്ടെഴുതാന്‍ താമരൈ തയ്യാറായി.പുതിയ പാട്ടിന്റെ തുടക്കം വ്യത്യസ്തമായിരിക്കണമെന്ന് താമരൈ മനസ്സാലുറപ്പിക്കുകയും ചെയ്തു.കനവിലേ,നിലാവിലേ എന്നൊക്കെയുളള വാക്കുകള്‍ ഉപയോഗിച്ചായിരിക്കും താൻ ഈ പാട്ട് തുടങ്ങുകയെന്ന് താമരൈ,ഗൗതമിനോട് അതിനോടകം പറഞ്ഞു കഴിഞ്ഞിരുന്നു.എന്നാൽ പുതിയ പാട്ടിന്റെ തുടക്കം വ്യത്യസ്തമായിരിക്കണമെന്ന സംവിധായകന്റെ നിർബന്ധത്തെ തുടർന്നാണ് ”വസീഗരാ” എന്ന വാക്ക് പാട്ടിലേക്ക് കടന്നു വരുന്നുത്.വശീകരിക്കുന്നവനേ എന്ന അര്‍ത്ഥത്തിലാണ് ഈ വാക്ക് ഈ ഗാനത്തിൽ ഉപയോഗിച്ചിട്ടുള്ളത്.

താമരൈ അന്ന് താമസിച്ചിരുന്ന വീടിനടുത്ത് തന്നെ ഒരമ്പലമുണ്ടായിരുന്നു.അവിടെ രാവിലെ മുതല്‍ ഇവിടെ നിന്ന് ഉച്ചഭാഷിണിയില്‍ പാട്ട് പ്രവഹിക്കാന്‍ തുടങ്ങും.കടുത്ത നിരീശ്വരവിശ്വാസിയായ താമരക്കാകട്ടെ ഇതിന്റെ ബഹളത്തില്‍ ഒറ്റവരി പോലും എഴുതാനാവുമായിരുന്നില്ല.രാവിലെ 10 മണി മുതല്‍ പതിനൊന്നര വരെ ഹ്രസ്വമായ സമയപരിധിയിൽ അമ്പലത്തിലെ ഉച്ചഭാഷിണി നിശ്ശബ്ദമാവുമെന്ന് താമരൈ കണ്ടുപിടിച്ചു.ഈ സമയം രാഹുകാലമായിരുന്നതിനാല്‍ പൂജകള്‍ക്ക് വേണ്ടിയാണ് പാട്ട് നിര്‍ത്തിയിരുന്നത്.അങ്ങനെ രാഹുകാലത്തില്‍ എഴുതിത്തീര്‍ത്തതാണ് ‘വസീഗരാ’ എന്ന പാട്ട്.

ബോംബെ ജയശ്രീ എന്ന ഗായികയെ വസീഗര പാടുന്നതിന്,ഹാരിസ് ജയരാജിന് നിര്‍ദ്ദേശിച്ചതും താമരൈ ആണ്.ജയശ്രീയുടെ ശബ്ദം വ്യത്യസ്തമാണെന്നും ഈ പാട്ട് ജയശ്രീ പാടിയാല്‍ നന്നാകുമെന്നുമുള്ള തോന്നലിൽ നിന്നായിരുന്നു അത്തരമൊരു ചിന്ത താമരൈക്ക് ഉടലെടുത്തത്.2001ലെ പ്രണയദിനത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ച സിനിമ,എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ തീയേറ്ററുകളിലെത്തി.ഫെബ്രുവരി 2ന് റിലീസ് ചെയ്ത പടം,എല്ലാവരും കരുതിയ പോലെ തന്നെ വമ്പൻ ഹിറ്റ്.പാട്ടുകൾ അതിനേക്കാൾ വലിയ ഹിറ്റ്.ചിത്രത്തിലെ എല്ലാ പാട്ടുകളും തമിഴകത്തെ ഇളക്കി മറിച്ചു.എങ്കിലും വസീഗരാ എന്ന ഗാനത്തിനാണ് അന്നും ഇന്ന് ആരാധകരേറെ!!വെറുപ്പിൽ നിന്ന്..നിരാശയിൽ നിന്ന്..വേദനയുടെയും ഒറ്റപ്പെടലിന്റെയും ആഴങ്ങളിൽ നിന്നാണ് വസീഗരാ പോലൊരു പാട്ട് ഉണ്ടായതെന്ന് പറഞ്ഞാൽ ഒരുപക്ഷേ ഇന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും.എന്നാൽ സംഗതി സത്യമാണ്.മിന്നലേയ്ക്ക് ശേഷം പിന്നീടങ്ങോട്ട് താമരൈക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല..ഒരുപിടി സിനിമകൾ.. #നന്ദ..#കാക്കകാക്ക..#സാമി..#ഗജിനി..#വേട്ടയാട്വിളയാട്..#വാരണംആയിരം..#വിണ്ണൈത്താണ്ടിവരുവായ..#നാനുംറൗഡിതാൻ…#ഇരുമുഖൻ..#വിശ്വാസം..തൊട്ട് ഏറ്റവും ഒടുവിൽ #എന്നൈനോക്കിപായും_തോട്ട വരെ നിരവധി ഹിറ്റുകൾ.

ഹാരിസ് ജയരാജും താമരൈയും ഒന്നിച്ചു ചെയ്ത പാട്ടുകളെല്ലാം തമിഴിലെ സാമ്പ്രദായിക സങ്കല്പങ്ങളിൽ പലതിനെയും ഉടച്ചു വാർത്തു എന്നത് കൂടി പ്രത്യേകം എടുത്ത് പറയണം.പെണ്ണിന്റെ പ്രണയം മാത്രമേ,പെണ്ണിന് എഴുതാൻ പറ്റൂ എന്നായിരുന്നു അന്ന് വരെയുള്ള കോളിവുഡിന്റെ ധാരണ.പക്ഷേ വാരണം ആയിരത്തിലെ #നെഞ്ചുക്കുൾപെയ്തിടും എന്ന ഗാനം ആണിന്റെ പ്രണയഗാനമാണ്.#അവഎന്നെഎന്നെ എന്ന ഗാനമാകട്ടെ ആണിന്റെ പ്രണയ നഷ്ടത്താൽ ഭ്രാന്തമായ ഗാനവും.നായകന്റെ അവതരണ ഗാനം പെണ്ണിന് എഴുതാൻ കഴിയില്ലെന്നും അന്ന് വരെ പലരും വിശ്വാസിച്ചു.#ഗജിനിയിൽ സൂര്യയുടെ അവതരണ ഗാനത്തിലൂടെ(ഒരു മാലൈ ഇളവെയിൽ നേരം)അന്നോളം കോളിവുഡ് വച്ചുപുലർത്തിയിരുന്ന ഇത്തരം മുൻവിധികളെയും വിശ്വാസങ്ങളെയും താമരൈ തച്ചുടച്ചു.ആദ്യ ചിത്രം മുതൽക്കുള്ള എല്ലാ ഗൗതം മേനോൻ സിനിമകളിലും താമരൈയുടെ സാന്നിദ്ധ്യമുണ്ട്.ഇടക്ക് പുറത്തിറങ്ങിയ #നീതാനേഎൻപൊൻവസന്തം എന്ന ചിത്രത്തിൽ നാ.മുത്തുകുമാറിനെ പരീക്ഷിച്ചതൊഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാ ഗൗതം മേനോൻ സിനിമകൾക്കും പാട്ടെഴുതിയത് താമരൈ തന്നെയാണ്.

കരിയറിൽ വിജയക്കൊടി നാട്ടിയപ്പോഴും വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ താമരൈയെ വിട്ടൊഴിഞ്ഞിരുന്നില്ല.ആദ്യ വിവാഹത്തിന്റെ തകർച്ചയടക്കം വ്യക്തി ജീവിതത്തിൽ ഒരുപാട് താളപ്പിഴകൾ സംഭവിച്ചിട്ടുണ്ട് താമരൈക്ക്.ആദ്യ വിവാഹം തകർന്നതിന്റെ വേദനയിൽ കോയമ്പത്തൂരിൽ കഴിയുന്ന സമയത്താണ് രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായ #ത്യാഗുവിനെ താമരൈ പരിചയപ്പെടുന്നത്.ത്യാഗു തമിഴ്നാട്ടിലെ പ്രശസ്ത രാഷ്ട്രീയ നേതാവും എഴുത്തുകാരനുമായിരുന്നു.നീണ്ട കാലം ജയിലിൽ കിടന്നിട്ടുമുണ്ട്.നക്സൽ നേതാവ് ചാരു മജുംദാറിന്റെ ആശയങ്ങളോട് കടുത്ത അനുഭാവം പുലർത്തിയിരുന്ന വ്യക്തി കൂടിയായിരുന്നു ത്യാഗു.ജൂനിയർ വികടൻ എന്ന മാസികയിൽ അദ്ദേഹം എഴുതിയ #ചുവരുക്കുൾചിത്രങ്ങൾ #കമ്പിക്കുൾവെളിച്ചങ്ങൾ എന്ന പരമ്പര താമരൈ വായിക്കാറുണ്ടായിരുന്നു.

അതിൽ ത്യാഗു എഴുതിയത് അദ്ദേഹത്തിന്റെ ജയിൽ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾ ആയിരുന്നു.അടിയുറച്ച നക്സലൈറ്റ് പ്രവർത്തകനായിരുന്ന ത്യാഗു തഞ്ചാവൂരിൽ ഒരു ക്രൂരനായ ജന്മിയെ വധിച്ച കേസിൽ പങ്കാളിയായിരുന്നു.ആ കേസുമായി ബന്ധപ്പെട്ട് തന്റെ 18ആം വയസ്സിൽ തന്നെ അദ്ദേഹം ജയിലിനുള്ളിലായി.കേസിൽ പിടിക്കപ്പെട്ട എല്ലാവർക്കും വധശിക്ഷ ലഭിച്ചു.എന്നാൽ പിന്നീട് എല്ലാവർക്കും വധശിക്ഷയിൽ ഇളവ് കിട്ടി.അങ്ങനെ 20 വയസ്സ് മുതൽ 36 വയസ്സ് വരെ ത്യാഗു ജയിലിൽ കിടന്നു.ജയിലിലെ അഗാധമായ അനുഭവങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകളായിരുന്നു ആ മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നത്.

അദ്ദേഹത്തിന്റെ എഴുത്തിന്റെ വ്യത്യസ്തമായ ശൈലി താമരൈയെ ആകർഷിച്ചു.ത്യാഗു ജയിലിൽ കിടന്നാണ് ആ കുറിപ്പുകളെല്ലാം എഴുതിയത് എന്നായിരുന്നു താമരൈയുടെ ചിന്ത.അത് കൊണ്ട് തന്നെ വാരികയുടെ വിലാസത്തിൽ 8 പേജുള്ള ഒരു വലിയ കത്ത് താമരൈ ത്യാഗുവിന് അയച്ചു,ഒപ്പം 1000 രൂപയും.എന്നാൽ വാരികക്കാർ ആ കത്ത് ത്യാഗുവിന് അയച്ചു കൊടുത്തു.അദ്ദേഹം താമരൈക്ക് മറുപടിക്കത്ത് എഴുതി..”ഞാൻ ഇപ്പോൾ ജയിലിൽ അല്ല”.കത്തുകളിൽ തുടങ്ങിയ സൗഹൃദം പിന്നീട് പതിയെ പ്രണയത്തിന് വഴി മാറി.കോയമ്പത്തൂരിൽ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ വന്നപ്പോഴായിരുന്നു താമരൈ ആദ്യമായി ത്യാഗുവിനെ കാണുന്നത്.താമരൈ ചെന്നൈയിൽ വന്നപ്പോൾ കോടമ്പാക്കത്ത് വീട് ശരിയാക്കി നൽകിയതും ത്യാഗുവാണ്.2002ൽ തന്റെ ആദ്യ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമായിരുന്നു ത്യാഗുവുമായിട്ടുള്ള താമരൈയുടെ വിവാഹം.താമരൈയേക്കാൾ 15 വയസ്സ് മുതിർന്നതായിരുന്നു ത്യാഗു.വിവാഹം കഴിക്കുന്ന സമയത്ത് തമിഴ് ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ത്യാഗു.നക്‌സലിസത്തില്‍ നിന്ന് മാര്‍ക്‌സിസത്തിലേക്കും അവിടെ നിന്ന് തമിഴ് ദേശീയ പ്രസ്ഥാനത്തിലേക്കും ത്യാഗു അതിനോടകം എത്തപ്പെട്ടിരുന്നു.തമിഴ് സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.രണ്ടു പേരുടെയും രണ്ടാം വിവാഹമായിരുന്നു അത്.എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ത്യാഗു വീട് വിട്ടു പോയി.ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട താമരൈയും മകനും അദ്ദേഹത്തിന്റെ പാര്‍ട്ടി ആപ്പീസിന് മുന്നില്‍ പോയി ധര്‍ണയിരുന്നു.

അവരിരുവരുടെയും കുടുംബപ്രശ്‌നം അക്കാലത്ത് തമിഴ്മാധ്യമങ്ങളിൽ വലിയ വാര്‍ത്തയായി.തുടർച്ചയായ അസ്വാരസ്യങ്ങളാൽ അവർ തമ്മിലുള്ള ബന്ധം പിരിഞ്ഞുവെങ്കിലും പിന്നീട് താമരൈ ഇതിനെ സമൂഹത്തിലെ നായകരുടെ സ്വഭാവത്തിലെ കപടതയുടെ ഉദാഹരണമായി എടുത്തു കാട്ടുകയുണ്ടായി.ശ്രീലങ്കന്‍ വിഷയത്തിലുള്ള ഐക്യമാണ് ഇരുവരെയും ബന്ധിപ്പിച്ച പ്രധാനഘടകം.താമരൈയുടെ ഫേസ്ബുക്ക് പേജുകളിലടക്കം നമ്മെ എതിരേല്‍ക്കുന്നത് രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ക്കഴിയുന്ന പേരറിവാളനെ മോചിപ്പിക്കുന്നതടക്കമുള്ള അതിതീവ്രനിലപാടുകളാണ്.

മകന്‍ സമരന് വേണ്ടിയാണ് ഇന്ന് താമരൈയുടെ ജീവിതം.എഴുത്തിൽ വ്യാപൃതയായിരിക്കുന്നതിനിടെ 2003ലാണ് താമരൈയുടെ ജീവിതത്തിലേക്ക് സമരൻ കടന്നുവരുന്നത്.സമരന്‍ എന്നാല്‍ തമിഴിൽ പോരാളി എന്നാണര്‍ത്ഥം.പോരാട്ടത്തിന്റെ കനല്‍വഴികള്‍ ജീവിതത്തിൽ താണ്ടിയത് ഇപ്പോഴും ഓര്‍മയിലുള്ളത് കൊണ്ടായിരിക്കണം ഒരുപക്ഷേ താമരൈ,സ്വന്തം മകന് സമരൻ എന്ന് തന്നെ പേരിട്ടത്!!

വിവിധ ചിത്രങ്ങൾക്കായി 300ഓളം പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും വാരണം ആയിരത്തിലെ #അനൽമേലേപനിത്തുളി..വേട്ടയാട് വിളയാടിലെ #പാർത്തമുതൽനാളെ എന്നീ ഗാനങ്ങളാണ് തന്റെ പാട്ടുകളിൽ താമരൈക്ക് ഏറെ പ്രിയങ്കരം.ഗാനരചനക്ക് തമിഴ്നാട് സർക്കാരിന്റെ അവാര്‍ഡ്,ഫിലിം ഫെയര്‍ അവാര്‍ഡ്,വിജയ് ടി.വി അവാര്‍ഡ്,ആനന്ദവികടന്‍ അവാര്‍ഡ്,ഇസൈ അരുവി മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ നിരവധിയായ പുരസ്‌ക്കാരങ്ങൾ താമരൈയെ തേടിയെത്തിയിട്ടുണ്ട്

ജീവിതത്തിൽ ഒരിക്കൽ പോലും പട്ടുസാരി ഉടുത്തിട്ടില്ലാത്ത…സ്വർണത്തിനോട് ഒട്ടും താൽപ്പര്യമില്ലാത്ത…ജീവികളെ കൊന്നു തിന്നുന്നതിൽ വിശ്വാസമില്ലാത്ത…ഈശ്വരനിൽ ഒരിക്കലും വിശ്വസിക്കാത്ത..ഒരു എഴുത്തുകാരിക്ക് സാമൂഹികപ്രതിബദ്ധതയുണ്ടാവണം എന്ന് കരുതുന്ന..തമിഴ് ദേശീയതയിൽ അടിയുറച്ചു വിശ്വസിക്കുന്ന എഴുത്തുകാരിയാണ് അന്നും ഇന്നും താമരൈ.

തമിഴില്‍ എന്നല്ല,ഒരിന്ത്യന്‍ ഭാഷയിലും പൊതുവേ സ്ത്രീകൾ സിനിമാ ഗാനരചനയില്‍ അസ്തിത്വം തെളിയിച്ചിരുന്നില്ല.എല്ലാ അര്‍ത്ഥത്തിലും പുരുഷകേന്ദ്രീകൃതമായ ഒരു കോട്ടയിലുള്ള ഏറ്റുമുട്ടലാണ് പെണ്ണിനെ സംബന്ധിച്ചിടത്തോളം ചലച്ചിത്രഗാനരചനയെന്നത്.താമരൈക്ക് മുൻപ് ഏറ്റവും കൂടുതൽ സിനിമാഗാനങ്ങൾ എഴുതിയ വനിതാഗാനരചയിതാവ് എന്ന ഇന്ത്യൻ റെക്കോർഡ് ഹിന്ദി ഗാനരചയിതാവ് മായാ ഗോവിന്ദിനാണ്.നീട്ടിയും കുറുക്കിയും മലയാളത്തിലടക്കം പല ഭാഷകളിൽ പാട്ടെഴുത്തിലെ പെൺകരുത്ത് ഒളിഞ്ഞും തെളിഞ്ഞും കണ്ടിട്ടുണ്ട്.എന്നാൽ സ്ഥിരമായി നിലനിൽക്കാൻ അവരിൽ പലർക്കും സാധിച്ചിട്ടില്ല.ആൺകോയ്മ പുലരുന്ന സിനിമാപാട്ടെഴുത്തിൽ സ്വന്തമായൊരിടം കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് താമരൈയെ മറ്റുള്ള പാട്ടെഴുത്തുകാരികളിൽ നിന്നെല്ലാം വേറിട്ട് നിർത്തുന്ന സംഗതി.

ജീവിതമെന്നത് താമരൈയെ സംബന്ധിച്ചിടത്തോളം അവരെഴുതുന്ന ഗാനങ്ങൾ പോൽ സുന്ദരമല്ല..പക്ഷേ മുറിവേറ്റു വീണിട്ടും തന്റെ സ്വപ്നങ്ങളിലേക്ക് പൂർവാധികം ശക്തിയോടെ കുതിച്ചുപാഞ്ഞ ആ മനസ്സിന്റെ കരുത്ത്,അവരെഴുതുന്ന പാട്ടിനേക്കാൾ മനോഹരമാണ്.