അമേരിക്കക്കു പുറകെ റഷ്യയെയും വിറപ്പിച്ച് കോവിഡ്: ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചത് 10,000ത്തോളം പേര്‍ക്ക്

single-img
5 May 2020

മോസ്കോ: കോവിഡ് വ്യാപനത്തില്‍ അമേരിക്കക്കു പുറകെ റഷ്യയിലും സ്ഥിതിഗതികള്‍ അതീവ ഗുരുതരാവസ്ഥയിലേക്ക്. ഒരൊറ്റ ദിവസം 10,000 ത്തോളം പേര്‍ക്കാണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 9,623 പേര്‍ക്ക് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ റഷ്യയില്‍ രോഗബാധിതരുടെ എണ്ണം 1,24,054 ആയി.

24 മണിക്കൂറിനിടെ 57 പേരാണ് റഷ്യയില്‍ മരിച്ചത്. ഇതോടെ റഷ്യയില്‍ മരിച്ചവരുടെ എണ്ണം 1,222 ആയി. മോസ്‌കോയിലാണ് റഷ്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. 62,658 പേരിലാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മോസ്കോയില്‍ ഒറ്റ ദിവസം കൊണ്ട് 5358 പുതിയ കേസുകളാണുണ്ടായത്.

ലോകത്താകെ കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയി. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ കൂടുതലാണ്. 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 11.94ലക്ഷം പേര്‍ ലോകത്താകമാനം ഇതുവരെ കോവിഡില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12.12 ലക്ഷമാണ്. 69,921പേരാണ് ഇതുവരെ അമേരിക്കയില്‍ മരണപ്പെട്ടത്.