ഇന്ത്യക്ക് വന്‍ ഉത്തേക പാക്കേജ് ആവശ്യമാണ്, ആവശ്യമുള്ളവര്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് നല്‍കി അവരുടെ വിശപ്പകറ്റാനാകണം: അഭിജിത് ബാനര്‍ജി

single-img
5 May 2020

ഡല്‍ഹി: ലോക്ക്ഡൗണ്‍ പ്രതസിന്ധി ബാധിച്ചിരിക്കുന്ന ആളുകളില്‍ ആവശ്യമുള്ളവര്‍ക്ക് അടിയന്തരമായി റേഷന്‍ കാര്‍ഡ് നല്‍കി അവരുടെ വിശപ്പകറ്റണമെന്ന് സാമ്പത്തിക വിദഗ്ദ്ധനും നൊബേല്‍ ജേതാവുമായ അഭിജിത് ബാനര്‍ജി.പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് ഇന്ത്യക്ക് വന്‍ ഉത്തേക പാക്കേജ് ആവശ്യമാണെന്നും ദരിദ്രരുടെ കൈകളിലേക്ക് പണം നേരിട്ട് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അഭിജിത് ബാനര്‍ജി ഇങ്ങനെ പറഞ്ഞത്.

കൊറോണവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക-ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി രാഹുല്‍ നടത്തുന്ന വീഡിയോ കൂടിക്കാഴ്ചയുടെ ഭാഗമാണിത്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനുമായിട്ടായിരുന്നു രാഹുലിന്റെ ആദ്യ വീഡിയോ ചര്‍ച്ച.ഇന്ത്യക്ക് വലിയൊരു ഉത്തേജക പാക്കേജ് ആവശ്യമാണ്. നമ്മള്‍ സാമ്പത്തിക പാക്കേജിനായി വേണ്ടത്ര നീക്കിവെച്ചിട്ടില്ല. ജിഡിപിയുടെ പത്ത് ശതമാനം പ്രതിസന്ധി പരിഹരിക്കുന്നതിനായി യുഎസ് നീക്കിവെച്ചതായും അഭിജിത് ബാനര്‍ജി ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവില്‍ ആര്‍ക്കെങ്കിലും റേഷന്‍കാര്‍ഡ് വേണ്ടതുണ്ടെങ്കില്‍ അവര്‍ക്ക് അടിയന്തരമായി അത് അനുവദിച്ച് നല്‍കണം. ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടത് ആവശ്യമാണെങ്കിലും കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനംകൂടി പരിഗണിക്കേണ്ടതുണ്ട്’ നൊബേല്‍ ജേതാവ് പറഞ്ഞു.

യുഎസ് ഭരണകൂടം ചെയ്യുന്നത് പോലെ നിലവിലെ സാഹചര്യത്തില്‍ ആളുകളുടെ കൈകളിലേക്ക് പണം എത്തിക്കണം. പൊതുവിതരണ രംഗത്ത് ആധാര്‍ അടിസ്ഥാനമാക്കിയുള്ള അവകാശവാദം ദരിദ്രരുടെ ദുരവസ്ഥ പരിഹരിക്കും. ലോക്ക്ഡൗണിന്‌ ശേഷമുള്ള ഇന്ത്യയിലെ മൊത്തത്തിലുള്ള സാമ്പത്തിക പുനരുജ്ജീവനം സംബന്ധിച്ച് ശുഭാപ്തി വിശ്വാസംപുലര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.