അതിഥി തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ് ഈടാക്കില്ല; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും

single-img
4 May 2020

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്വദേശത്തേക്ക് തിരികെ പോകുന്ന അതിഥി തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ ടിക്കറ്റിന്റെ ചാര്‍ജ് ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. മറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ആരും വിശ്വസിക്കരുതെന്നും സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. ‘വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളെ മാത്രമേ റെയില്‍വേ മന്ത്രാലയം അംഗീകരിക്കുകയുള്ളു. അത്തരത്തിൽ യാത്രചെയ്യുന്നവർക്ക് ടിക്കറ്റിന് പണം അടക്കേണ്ടതില്ല. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ വിശ്വസിക്കാതിരിക്കുക,’ കേന്ദ്ര മന്ത്രാലയം ട്വീറ്റിൽ പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്വദേശത്തേക്ക് അയക്കുന്ന തൊഴിലാളികളുടെ ടിക്കറ്റ് നിരക്കിന്റെ 85 ശതമാനം കേന്ദ്രവും 15 ശതമാനം അതാത് സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിക്കേണ്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ മടങ്ങുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാ ചാര്‍ജ് ഈടാക്കുന്നത് വിവാദമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നല്‍കാന്‍ ആലോചനയായതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

അതേപോലെ തന്നെ തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കുന്ന കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നിരയിൽ നിന്നും സോണിയാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.