വനിതാ സുഹൃത്തിൻ്റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന അഭിഭാഷകനെ കാണാനില്ല

single-img
4 May 2020

വനിതാ സുഹൃത്തിൻ്റെ വീട്ടില്‍ ക്വാറന്‍റൈനിലായിരുന്ന അഭിഭാഷക സംഘടനാ നേതാവ്‌ അപ്രത്യക്ഷനായതായി വിവരം. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വള്ളക്കടവ്‌ ജി മുരളീധരനെയാണ് കാണാതായത്. തിരവനന്തപുരത്ത്‌ നിന്ന്‌ കൊല്ലത്തെത്തി സുഹൃത്തിന്‍റെ വീട്ടില്‍ ക്വാറന്‍റൈനില്‍ ആയിരുന്നു ഇയാള്‍. 

ക്വാറന്‍റൈന്‍ ലംഘിച്ചതിന്‌ ഇയാള്‍ക്കെതിരേ കേസെടുക്കും. ലോക്ക്‌ ഡൗണ്‍ നിയന്ത്രണം ലംഘിച്ച്‌ സുഹൃത്തിന്‍റെ വീട്ടിലെത്തിയതിന്‌ ഇയാള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു.

അഞ്ചുപേര്‍ക്ക്‌ കൊവിഡ്‌ സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ചാത്തന്നൂര്‍ പഞ്ചായത്തില്‍ നിരോധനാജ്‌ഞയും ട്രിപ്പിള്‍ ലോക്ക്‌ ഡൗണും നടപ്പിലാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്ക്‌ ഇടയിലും തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാറ്‌ പ്രദേശത്തെ ഒരു വീട്ടില്‍ രാത്രിയില്‍ പതിവായി വന്നു പോകുന്നത്‌ നാട്ടുകാര്‍ കലക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. കലക്‌ടര്‍ വിവരം ചാത്തന്നൂര്‍ പോലിസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു.

ഉദ്യോഗസ്‌ഥരെത്തി അഭിഭാഷകനോട്‌ വനിതാ സുഹൃത്തിന്‍റെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ്‌ ചാത്തന്നൂരില്‍ എത്തിയതെന്നുമാണ്‌ അഭിഭാഷകന്‍റെ മൊഴി. കേസ്‌ സംബന്ധമായ ആവശ്യത്തിന്‌ കൊല്ലത്തേക്ക്‌ പോകുന്നു എന്നു പറഞ്ഞാണ്‌ ഇയാള്‍ ജില്ലാ അതിര്‍ത്തി കടന്നതെന്നാണ്‌ പുറത്തു വരുന്ന സൂചനകൾ.