കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ എത്തിക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി

single-img
4 May 2020

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കേരളീയരെ തിരികെ എത്തിക്കുന്നതിനായി നോണ്‍ സ്റ്റോപ്പ് ട്രെയ്നുകള്‍ ലഭ്യമാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതായും മുഖ്യമന്ത്രി. അതേപോലെ വിവിധ രാജ്യങ്ങളിലായി ഇതുവരെ 60 മലയാളികള്‍ വൈറസ് ബാധയേറ്റു മരിച്ചുവെന്നും മുഖ്യമന്ത്രി ഇന്നത്തെ പത്രസമ്മേളനത്തില്‍ അറിയിച്ചു.

നിലവിൽ സംസ്ഥാനത്തെ ഓട്ടോമൊബൈൽ വർക് ഷോപ്പുകൾക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവർത്തിക്കാം. ഞായറാഴ്ച ദിവസങ്ങളിൽ സമ്പൂ‍ര്‍ണ ഒഴിവാണ് പ്രഖ്യാപിച്ചത്. ഈ മാസം റംസാൻ ആയതിനാൽ ഉച്ചക്ക് ശേഷം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പ്രവ‍ര്‍ത്തിക്കാവുന്നതാണ്. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ ഒ‍ഴികെയുള്ള ഇടങ്ങളില്‍ ഓട്ടോമൊബല്‍ ഷോപ്പുകള്‍, വാഹന ഷോറൂമുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ റെഡ് സോണിലുള്‍പ്പെടെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ അല്ലാത്തയിടങ്ങളില്‍ റോഡുകള്‍ അടച്ചിടുന്നില്ല. ഈ വിഷയത്തിൽ ആശയക്കു‍ഴപ്പത്തിന്‍റെ ആവശ്യമില്ല. തിരികെ എത്തുന്നവർക്ക് വീട്ടുകാരുമായി ബന്ധപ്പെടുന്നതിന് എല്ലാവര്‍ക്കും ആവശ്യമെങ്കില്‍ സിമ്മുകള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിട്ടുണ്ട്.