പ്രവാസികള്‍ വ്യാഴാഴ്ച മുതല്‍ തിരികെയെത്തും; യാത്രാക്കൂലി സ്വയം വഹിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
4 May 2020

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യാക്കാരെ ഈ വ്യാഴാഴ്ച മുതല്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ശക്തമായ നിയന്ത്രണങ്ങളോടെ വിവിധ ഘട്ടമായാണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുക. ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് കേന്ദ്രസർക്കാർ നിര്‍ദ്ദേശം നല്‍കി.

തിരികെ ഏതാണ് അര്‍ഹരായവരുടെ പട്ടിക എംബസികളും ഹൈകമ്മീഷനും ചേര്‍ന്ന് നിലവിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫില്‍ നിന്നുള്ള പ്രവാസികളെ വിമാന മാര്‍ഗമാണ് രാജ്യത്തേക്ക് തിരിച്ചെത്തിക്കുക. ഇതിനുള്ള യാത്രാക്കൂലി പ്രവാസികള്‍ സ്വയം വഹിക്കണം.

രാജ്യത്തിന്റെ കപ്പലുകളും സൈനിക വിമാനങ്ങളും മറ്റ് വാണിജ്യ വിമാനങ്ങളും ഈ ആവശ്യത്തിനായി ഉപയോഗിക്കുമെന്നും കേന്ദ്രം പറഞ്ഞു. ഇന്ത്യക്കാർ ഏത് രാജ്യത്തുനിന്നാണോ യാത്ര തിരിക്കുന്നത് അവിടെ വെച്ച് പൂര്‍ണ വൈദ്യ പരിശോധന നടത്തും. കൊറോണ രോഗ ലക്ഷണമില്ലാത്തവര്‍ക്ക് മാത്രമേ തിരികെയെത്താൻ അനുമതി നല്‍കുകയുള്ളു.

ഇന്ത്യയിൽ എത്തിയാൽ നിര്‍ബന്ധമായും 14 ദീവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, നാട്ടിൽ എത്തിയശേഷം എല്ലാവരും കേന്ദ്രത്തിന്റെ ആരോഗ്യ സേതു ആപ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണം. വിമാനത്താളങ്ങള്‍ മുതൽ നൽകുന്ന നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ സേതു ആപ് വഴിയാകും എന്നും കേന്ദ്രം അറിയിച്ചു.