നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യം; ഗുജറാത്തിൽ പ്രതിഷേധിച്ച തൊഴിലാളികളും പോലീസും തമ്മില്‍ സംഘർഷം

single-img
4 May 2020

ഗുജറാത്തിലെ സൂറത്തില്‍ വീണ്ടും തെരുവിൽ പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍. ഇന്ന് നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് സൂറത്തിലെ കഡോദരയില്‍ പ്രതിഷേധവുമായി എത്തിയത് . ഇവരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. സ്വന്തം നാട്ടിലേക്ക് തങ്ങളെ തിരിച്ചയക്കണം എന്ന ആവശ്യമുന്നയിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രി രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 40 ദിവസം കഴിഞ്ഞിട്ടും തങ്ങള്‍ കുടുങ്ങിക്കിടക്കുകയാണെന്നും വീടുകളിലേക്ക് തിരിച്ചെത്തണമെന്നുമായിരുന്നു തൊഴിലാളികൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. അതേസമയം പോലീസ്- തൊഴിലാളി സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങള്‍ നശിച്ചു. സംഘർഷം നിയന്ത്രിക്കാൻ തൊഴിലാളികള്‍ക്ക് നേരെപോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

നിലവിൽ ചെറിയ തോതിൽ ഗുജറാത്തില്‍ നിന്നും അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് മടക്കി അയച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ കണക്കുകൾ പ്രകാരം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമതാണ് ഗുജറാത്ത്.