രാജ്യം ഇന്ന് ലോക്ക്ഡൗൺ 3.0-ലേക്ക്: രാജ്യത്ത് വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും

single-img
4 May 2020

ഡൽഹി : രാജ്യത്തെ കൊവിഡ് കേസുകൾ നാൽപതിനായിരം കടന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധിതരായവരുടെ എണ്ണം കുത്തനെ കൂടി – ഈ രണ്ട് സാഹചര്യങ്ങളും കണക്കിലെടുത്ത് ഇന്ത്യ ലോക്ക്ഡൗണിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഈ മാസം 17 വരെ നീണ്ട് നിൽക്കുന്ന ലോക്ഡൗണിനാണ് ഇന്ന് തുടക്കമാകുക. രോഗബാധയുള്ള മേഖലകൾ അടച്ചിടുകയും മറ്റിടങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്ന തരത്തിലാണ് നിയന്ത്രണങ്ങൾ കൂടുതലും

രോഗബാധ കൂടുതൽ ഉള്ള മേഖലകളിലേക്ക് കൂടുതൽ കേന്ദ്രസംഘങ്ങൾ ഇന്ന് എത്തും. മുംബൈ, ചെന്നൈ, സൂറത്ത്, അഹമ്മദാബാദ്, ലഖ്നൗ തുടങ്ങി 20 സ്ഥലങ്ങളിലാണ് കേന്ദ്രസംഘം നിരീക്ഷണത്തിന് എത്തുക. രാജ്യത്ത് വിവിധയിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾക്കും ഇന്ന് തുടക്കമാകും. ലോക്ഡൗണിന് മുമ്പ് കുടുങ്ങിപ്പോയവരെ മാത്രമാണ് മടക്കി എത്തിക്കേണ്ടത് എന്ന് കേന്ദ്രം ഇന്നലെ വിശദീകരിച്ചിരുന്നു.

മൂന്നാംഘട്ട ലോക്ക്ഡൗൺ നിർണായകമാണ്, പല അർത്ഥത്തിൽ. ഇളവുകളോടൊപ്പം രാജ്യം എങ്ങനെ കൊവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടുമെന്നത് നിർണായകമാണ്. നിലവിൽ കർശനമായ ലോക്ക്ഡൗണിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യം കൊവിഡിനെ നേരിട്ടത്. എന്നാൽ ‘വൈറസിനൊപ്പം ജീവിക്കുക’ എന്ന നിലപാടോടെ മൂന്നാംഘട്ടത്തിലേക്ക് കടക്കുമ്പോൾ രോഗവ്യാപനം എങ്ങനെ സംഭവിക്കുന്നു എന്നത് രാജ്യത്തിന്‍റെ ഭാവിയെത്തന്നെ നിർണയിക്കുന്നതാണ്.

റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിലായാണ് രാജ്യത്തെ വേർതിരിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവു നൽകുന്ന തരത്തിലാണ് മേഖലകളെ തിരിച്ചിരിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ ഒരു കാര്യം, രാജ്യത്തെ മൂന്നിൽ രണ്ട് ജനസംഖ്യയും നിലവിൽ ഓറഞ്ച്, ഗ്രീൻ സോണുകളിലാണ് എന്നതാണ്. ഇവിടെയെല്ലാം താരതമ്യേന ഇളവുകൾ നൽകുമ്പോൾ രോഗവ്യാപനം കുറച്ചുകൊണ്ടുവരിക കൂടി ചെയ്യുകയെന്ന സങ്കീർണമായ ദൗത്യമാണ് രാജ്യത്തെ ഭരണസംവിധാനത്തിനും ജനങ്ങൾക്കും മുന്നിലുള്ളത്. അതേസമയം, രാജ്യത്തെ തൊഴിൽമേഖലകളിൽ പ്രധാനപ്പെട്ടതെല്ലാം സ്ഥിതി ചെയ്യുന്ന മെട്രോ നഗരങ്ങളിൽ ഇപ്പോഴും റെഡ് സോണുകളിലാണ്.