‘കർണാടകയിലെ ഈ രാഷ്ട്രീയ സ്നേഹം കാണുക’ ;തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു കോടി; യാത്ര സൗജന്യമാക്കി ബിജെപി സര്‍ക്കാര്‍

single-img
4 May 2020

ബെംഗളൂരു: ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് ‘വോട്ടർമാരോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്’ ഇങ്ങനെ തന്നെയാണ്. രാഷ്ട്രീയ പാർട്ടികൾ മത്സരബുദ്ധിയോടെ ജനങ്ങളെ സ്നേഹിക്കണം. അതിനു മകുടോദാഹരണമാണ് കർണാടകയിലെ കോൺഗ്രസ്സും ബിജെപിയും. തൊഴിലാളികളുടെ യാത്രാ ചിലവിനായി ഒരു കോടി രൂപ കോണ്‍ഗ്രസ് സംഭാവന ചെയ്തതോടെ യാത്ര സൗജന്യമാക്കി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടിയത്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനം ഉയരുകയും കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം കൊയ്‌തേക്കാമെന്ന ഘട്ടത്തിലാണ്, ഇതിനെ കടത്തി വെട്ടാന്‍ സര്‍ക്കാര്‍ യാത്ര സൗജന്യമാക്കിയത്.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികള്‍ അടക്കമുള്ളവരെ നാട്ടിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വന്‍ നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഒരു കോടി രൂപ യാത്രാച്ചിലവിനായി കോണ്‍ഗ്രസ് സംഭാവന നല്‍കിയത്.തൊഴിലാളികളെ നാട്ടില്‍ എത്തിച്ച ശേഷം ബസ് കാലിയായി മടങ്ങുമെന്ന് ചൂണ്ടിക്കാട്ടി ഇരുവശത്തേക്കുമുള്ള യാത്രാ കൂലി ഈടാക്കാനാണ് സര്‍ക്കാര്‍ ആദ്യം തീരുമാനിച്ചത്. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍ നിന്ന് ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച ടിക്കറ്റ് നിരക്ക് കുറച്ചിരുന്നു.

ഇതിന് പിന്നാലെ തൊഴിലാളികളുടെ യാത്രക്കായി ഒരു കോടി രൂപ കോണ്‍ഗ്രസ് സംഭാവന ചെയ്യുകയായിരുന്നു. യാത്രാ ചിലവിലേക്കായി ഒരു കോടി രൂപയുടെ ചെക്ക് കര്‍ണാടക ട്രാസ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എംഡിക്ക് കൈമാറി. ഇതേ തുടര്‍ന്ന് അഭിനന്ദനവുമായി ഒട്ടേറെ പേര്‍ രംഗത്തെത്തിയതോടയാണ് യാത്ര സൗജന്യമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കര്‍ണാടകയിലെ സ്വന്തം സ്ഥലങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാമെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചത്.