ചൈനയെ വിടാൻ കൂട്ടാക്കാതെ അമേരിക്ക; കൊവിഡിന്‍റെ ഉത്ഭവം ചൈനയിലെ ലാബില്‍ നിന്ന് തന്നെ, തെളിവുകളുണ്ട്: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

single-img
4 May 2020

വാഷിങ്ടണ്‍: അമേരിക്ക കോവിഡ് പ്രതിരോധിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല ഇപ്പോൾ വിഷയം. ചൈനയ്‌ക്കെതിരെ ആരോപണങ്ങളുയർത്തുക എന്നതാണ് അമേരിക്ക സ്വീകരിക്കുന്ന നയം.അതിന്റെ ഭാഗമായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനു പിന്നാലെ കൊറോണ വൈറസിന്റെ ഉറവിടം വുഹാനിലെ ഒരു ലബോറട്ടറിയാണ് എന്നതിന് തെളിവുകളുണ്ടെന്ന പ്രസ്താവനയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗപ്രവേശനം നടത്തിയത് . ഇത് ആരംഭിച്ചത് അവിടെ നിന്നാണ് എന്നതിന് ധാരാളം തെളിവുകളുണ്ടെന്ന് അദ്ദേഹം എബിസിയുടെ പരിപാടിയില്‍ പറഞ്ഞു. വിഷയം ചൈന കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ച പോംപിയോ പക്ഷേ വൈറസ് മനപ്പൂര്‍വം പുറത്തുവിട്ടതാണോ എന്ന കാര്യത്തെക്കുറിച്ച് പറയാന്‍ വിസമ്മതിച്ചു.

കൊവിഡ് -19 വൈറസ് മനുഷ്യനിർമ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാൽ വുഹാൻ ലബോറട്ടറിയിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്നതിന് സുപ്രധാനമായ തെളിവുകൾ ഉണ്ട്-മൈക്ക് പോംപിയോ പറഞ്ഞു. വുഹാന്‍ വൈറോളജി ലാബില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവന തള്ളി ലോകാരോഗ്യ സംഘടന രംഗത്ത് വന്നതിന് പിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം.

വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ യുഎസ് ചാരന്മാരെ ട്രംപ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. വുഹാനിലെ വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന് ആദ്യം കരുതിയിരുന്നുവെങ്കിലും അടുത്തുള്ള ഒരു വൈറസ് ഗവേഷണ ലബോറട്ടറിയില്‍ നിന്നായിരിക്കാം ഇത് പകര്‍ന്നതെന്നാണ് യു.എസ്. കരുതുന്നത്. എന്നാല്‍ കൊറോണ വൈറസിന്റേത് സ്വാഭാവിക ഉത്ഭവമാണെന്നാണ് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ മൈക്കൽ ആവർത്തിച്ച് വ്യക്തമാക്കിയത്.