അര്‍ണാബ് ഗോസ്വാമി മഹാരാഷ്ട്ര പോലീസിനെ വിരട്ടുന്നു; ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

single-img
4 May 2020

വാർത്താ ചാനലായ റിപ്പബ്ലിക്ക് ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി മഹാരാഷ്ട്ര പോലീസിനെ വിരട്ടുകയാണെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഖാന്തിരമാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
ചാനൽ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റിപ്ലബ്ബിക്ക് ടിവി നടത്തിയ ഒരു ചര്‍ച്ചയില്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ സംഭവത്തെക്കുറിച്ച് മതസ്പര്‍ദ ഉണ്ടാക്കുന്ന തരത്തിലുള്ള അര്‍ണാബ് നടത്തിയ പരാമര്‍ശത്തിലും, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെക്കുറിച്ചുമുള്ള വിവാദ പരാമര്‍ശത്തിലും മഹാരാഷ്ട്ര രജിസ്റ്റര്‍ ചെയ്ത കേസുകളിലെ തുടര്‍നടപടികളാണ് കോടതി നീട്ടിവെച്ചത്.

സുപ്രീം കോടതിയുടെ ഈ നടപടിയ്ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ അര്‍ണാബ് അവാസ്തവമായ കാര്യങ്ങള്‍ ഉന്നയിക്കുകയും അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.അതുകൊണ്ടുതന്നെ ഇതുപോലുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതിന ഇടപെടണമെന്നാണ് ഹര്‍ജിയിൽ ഉയർത്തുന്ന ആവശ്യം.

അര്‍ണാബിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അദ്ദേഹത്തിന്റ ചാനലിലെ പ്രൈം ടൈം ഷോയായ റിപ്പബ്ലിക് ഭാരതിലൂടെ മുംബൈ പോലീസിനെതിരെ അധിക്ഷേപം നടത്തുകയാണ്. തികച്ചും ഏക പക്ഷീയമായാണ് പോലീസ് പെരുമാറുന്നതെന്ന് അര്‍ണാബ് ആരോപിക്കുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ സർക്കാർ പറയുന്നു.