അതിഥി തൊഴിലാളികളെ സൗജന്യമായി തിരികെ അയക്കണം; കർണാടകയിൽ കോണ്‍ഗ്രസ് ഒരുകോടി രൂപ സർക്കാരിന് സംഭാവന നൽകി

single-img
3 May 2020

ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ കർണാടകയിൽ നിന്നും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപോവുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കിയ കര്‍ണാടക സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തുള്ള തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കർണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഒരു കോടി രൂപ സംഭാവന നല്‍കി.
കേന്ദ്ര സർക്കാർ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങി പോകുവാന്‍ അനുവദിച്ചിരുന്നു.

ഇതിനായി കേന്ദ്രം വിവിധ സംസ്ഥാനങ്ങളിൽ നിന്നും സ്‌പെഷ്യല്‍ ബസ്സുകളും ട്രെയിനും ഏല്‍പ്പാടാക്കിയിരുന്നു. പക്ഷെ ഇവർക്ക് ബസ്സുകളുടെ സേവനം ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച വരുത്തി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കർണാടകയിൽ നൂറുകണക്കിന് തൊഴിലാളികള്‍ സ്വകാര്യ വാഹനങ്ങളില്‍ കഴിഞ്ഞ ദിവസം ബസ് ടെര്‍മിനലുകളില്‍ എത്തി.

പക്ഷെ സംസ്ഥാന സർക്കാരിന്റെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അവർക്ക് ആവശ്യത്തിന് ബസ്സുകള്‍ ഏര്‍പ്പാടാക്കിയില്ല. ഇതിനെ തുടർന്ന് ഭക്ഷണവും വെള്ളവുമില്ലാതെ നൂറു കണക്കിന് പേരാണ് ടെര്‍മിനലുകളില്‍ വലഞ്ഞുപോയതെന്ന് കോണ്‍ഗ്രസ് നേതാവ് രവി ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയിൽ നിലവിൽ രണ്ട് ലക്ഷത്തോളം തൊഴിലാളികളാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതെന്നാണ് സംസ്ഥാന ലേബര്‍ കമ്മീഷന്റെ കണക്ക്.