വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും മലയാളികള്‍ മാത്രം കുടുങ്ങിക്കിടക്കുന്നു; ചാര്‍ട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും ഏര്‍പ്പാടാക്കണം; മുഖ്യമന്ത്രിക്ക് കത്തുമായി ഉമ്മന്‍ ചാണ്ടി

single-img
3 May 2020

വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെയെല്ലാം അതതു രാജ്യങ്ങളും സംസ്ഥാനങ്ങളും ദൃതഗതിയില്‍ തിരിച്ചുകൊണ്ടുപോകുമ്പോള്‍ മലയാളികള്‍ നാട്ടിൽ തിരിച്ചെത്താൻ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയാണ് എന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇത്തരത്തിൽ ഒറ്റപ്പെട്ടവർക്കായി ചാര്‍ട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും അടിയന്തരമായി ഏര്‍പ്പാടാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു രാജ്യക്കാരെ അതതു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തും കേരളത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെ അതാത് സംസ്ഥാനങ്ങള്‍ പ്രത്യേക ട്രെയിനുകള്‍ അയച്ചും നാടുകളിലെത്തിച്ചു.

പക്ഷെ എല്ലായിടത്തും മലയാളികള്‍ മാത്രം കുടുങ്ങിക്കിടക്കുന്നു. കേന്ദ്രസർക്കാർ രാജ്യവ്യാപക മൂന്നാംഘട്ടം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവര്‍ ആകെ നിരാശരാണ്. തങ്ങൾക്ക് ഇനി എന്ന് നാട്ടിലേക്ക് എന്നു മടങ്ങാനാകും എന്നതിന് അവര്‍ക്ക് ഒരു നിശ്ചയവുമില്ലെന്ന് ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ള രാജ്യങ്ങള്‍ ചെയ്യുന്നതുപോലെ പ്രവാസികളെ കൊണ്ടുവരാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അടിയന്തരമായി സംസ്ഥാനം ആരംഭിക്കണം.

പ്രവാസി സംഘടനയായ കെഎംസിസി നടത്തിയ സര്‍വെയില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ 845 ഗര്‍ഭിണികള്‍ കാത്തിരിക്കുന്നു. ഇവരിൽ 8 മാസം കഴിഞ്ഞ ഗര്‍ഭിണികളെ വിമാനത്തില്‍ യാത്ര അനുവദിക്കില്ല. മുൻഗണനാ പ്രകാരം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, പ്രായമായവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടശേഷം വിദേശത്തു താമസിക്കാന്‍ വരുമാനം ഇല്ലാത്തവര്‍ തുടങ്ങിയവരെ അടിയന്തരമായി നാട്ടില്‍ എത്തിക്കണം.

ലോക്ക് ഡൌൺ ആയതിനാൽ സാധാരണ വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ചാര്‍ട്ടേഡ് വിമാനം ലഭിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉമ്മന്‍ ചാണ്ടി കത്തിൽ പറയുന്നു. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ കഴിയുന്ന മലയാളികളും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. ഇവരിൽ ജോലി നഷ്ടപ്പെട്ടവരും വാടകകൊടുക്കാന്‍ കഴിയാത്തവരും അസുഖബാധിതരുമായ ധാരാളം പേരുണ്ട്. ധാരാളം വിദ്യാര്‍ത്ഥികളുണ്ട്.

മാത്രമല്ല, ഭക്ഷണവും മരുന്നും കിട്ടാത്തവര്‍ വരെയുണ്ട്. സാധാരണ രീതിയിലുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ വൈകുമെന്ന് ഉറപ്പുള്ളതിനാല്‍, മറ്റുള്ള സംസ്ഥാനങ്ങള്‍ ചെയ്തതുപോലെ കുടുങ്ങി കിടക്കുന്നവർക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് അടിയന്തരമായി ഏര്‍പ്പാടാക്കണം. നിലവിൽ കേരളത്തിൽ നിന്നും അതിഥി തൊഴിലാളികളുമായി വടക്കേ ഇന്ത്യയിലേക്കു പോയിരിക്കുന്ന ട്രെയിനുകള്‍ മടങ്ങിവരുമ്പോള്‍ അതില്‍ മലയാളികളെ കൊണ്ടുവരാന്‍ ഏര്‍പ്പാട് ചെയ്യണം. എന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നു.