കേരളത്തിലെ `ബംഗാളി´കളെന്താ ബംഗാളിലേക്ക് പോകാത്തത്?

ജോലിതേടി വിദേശരാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാർ അവിടെ  വിദേശ തൊഴിലാളികളാണ്. ഒരു മലയാളി ജോലിതേടി മറ്റു സംസ്ഥാനങ്ങളിലെത്തിയാൽ അവനവിടെ അന്യസംസ്ഥാന തൊഴിലാളിയാകും. ഇന്ത്യാമഹാരാജ്യത്ത് ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളെല്ലാം എല്ലാം അന്യസംസ്ഥാന തൊഴിലാളികൾ അല്ലെങ്കിൽ ഇതര സംസ്ഥാന തൊഴിലാളിയാണ്. പക്ഷേ കേരളത്തിൽ മാത്രം ആ വിശേഷണത്തിനൊരു വ്യത്യാസമുണ്ട്. ഒരു തൊഴിലിനു വേണ്ടി കേരളത്തിലെത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഇവിടെ അന്യസംസ്ഥാന തൊഴിലാളികളല്ല. അവർ അതിഥി തൊഴിലാളികളാണ്. ഈ രാജ്യത്ത് കേരളത്തിൽ മാത്രമുള്ള പ്രത്യേകത. 

അതിഥി തൊഴിലാളികൾ എന്ന പദം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ സംഭാവന നൽകുന്നതിനു മുൻപ് കേരളത്തിലെ ഒരു വിഭാഗം ആൾക്കാർ അവരെ വിളിച്ചിരുന്നൊരു പേരുണ്ട്- ബംഗാളികൾ. വിന്ധ്യാപർവത ത്തിനപ്പുറത്തുനിന്ന് ഏതൊരു വ്യക്തി കേരളത്തിലെത്തിയാലും അവൻ ബംഗാളിയായിരിക്കും. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അലിഖിതമായ ഒരു നിയമമാണിത്. ആ തൊഴിലാളി രാജസ്ഥാൻകാരനായിരുന്നാലും ഉത്തർപ്രദേശുകാരനായിരുന്നാലും അസംകാരനായിരുന്നാലും ഒരുവിഭാഗം മലയാളികളെ സംബന്ധിച്ച് അവർ ബംഗാളികളാണ്. പറഞ്ഞു പറഞ്ഞു പരിചയിച്ച് ഒടുവിൽ സാധാരണക്കാരായ മലയാളികൾക്കും ആ പദമാണ് ഉത്തരേന്ത്യക്കാരായ തൊഴിലാളികളെ കാണുമ്പോൾ മനസ്സിലെത്തുന്നത്. കാലങ്ങളായി തുടർന്നുവരുന്ന പ്രചരണങ്ങൾ ഒരു തലമുറ തന്നെ വിശ്വസിക്കുന്ന കാഴ്ച. . 

ഉത്തരേന്ത്യയിൽ നിന്നും വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നും വരുന്നവർ എങ്ങനെയാണ് ബംഗാളികളാകുന്നത്? അറിയാത്തതുകൊണ്ടു സംഭവിച്ചുപോയ ഒന്നല്ല അത്. ബംഗാളിൽ പതിറ്റാണ്ടുകൾ ഭരണം നടത്തുകയും ഒടുവിൽ കോൺഗ്രസും ബിജെപിയും കൈകോർത്ത് തൃണമൂൽ കോൺഗ്രസിനെ മുന്നിൽനിർത്തി കളിച്ച് പുറത്താക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന രാഷ്ട്രീയ പാർട്ടിയെ താഴ്ത്തി കാട്ടുവാൻ സിപിഎം വിരുദ്ധർ ചെയ്ത കളിയുടെ ബാക്കിപത്രമാണ് ഈ ബംഗാളി വിളിയും. സിപിഎമ്മിനോടുള്ള വിരോധം കൊണ്ട് എതിര്‍ പാര്‍ട്ടിക്കാരും അവരുടെ അനുഭാവികളും എല്ലാ കുടിയേറ്റ തൊഴിലാളികളെയും ബംഗാളികളെന്നു  വിളിച്ചു. പശ്ചിമ ബംഗാൾ സിപിഎം ഭരിച്ച മുടിക്കുകയായിരുന്നുവെന്ന ഒരു ധ്വനി ആ വിളിയിൽ പ്രതിധ്വനിച്ചു.  ഇതിന്‍റെ പിറകിലെ രാഷ്ട്രീയമറിയാതെ സാധാരണക്കാരായ കേരളീയരും അങ്ങനെ വിളിച്ചു ശീലിച്ചുപോകുകയും ചെയ്തു. 

കഴിഞ്ഞ ദിവസങ്ങളിലായി ലോക് ഡൗൺ മൂലം കേരളത്തിൽ കുടുങ്ങിയ  അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ട് ട്രെയിനുകൾ അവരുടെ നാടകളിലേക്കു പോയിരുന്നു. ഒറീസയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ആദ്യ ദിവസം ട്രയിൻ പോയത്.ജാ​ർ​ഖ​ണ്ഡി​ലെ ഫാ​തി​യി​ലേ​ക്കു ഇന്നലെ ഉ​ച്ച​ക്ക് ട്രയിൻ പുറപ്പെട്ടു. ആ​ലു​വ​യി​ൽ​നി​ന്നും തി​രൂ​രി​ൽ​നി​ന്നും  ബിഹാറിൻ്റെ തലസ്ഥാനമായ പാട്നയിലേക്കും എ​റ​ണാ​കു​ളം സൗ​ത്തി​ൽ​നി​ന്ന് ഒ​ഡീ​ഷ​യി​ലെ ഭു​വ​നേ​ശ്വ​റി​ലേ​ക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ട്രയിൻ സഞ്ചരിച്ചത്. സ്വാഭാവികമായും ഇവിടെ ഉയരുന്ന സംശയം ഇതാണ്, പിന്നെ ആരാണ് ബംഗാളികൾ? നാല് അഞ്ച് ട്രെയിനുകൾ ഉത്തരേന്ത്യയിലേക്കു പോയിട്ടും അതിലൊന്നുപോലും പശ്ചിമബംഗാളിലേക്കു പോയിട്ടില്ല. അപ്പോൾ ബംഗാളികൾ എന്ന ഓമനപ്പേരിൽ ഈ കേരളത്തിൽ നിങ്ങൾ വിളിച്ചു കൊണ്ടിരുന്നത് ബംഗാളികളെ അല്ല. അവർ ബീഹാറികളോ ഉത്തർപ്രദേശുകാരോ അസംകാരോ ഒറീസക്കാരോ ആയിരുന്നു. 

ഇതിനർത്ഥം കേരളത്തിൽ ബംഗാളികൾ ജോലി ചെയ്യുന്നില്ല എന്നല്ല. കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നല്ലൊരു പങ്ക് ബംഗാളികൾ തന്നെയാണ്. പക്ഷേ തൊഴിലാളികളിൽ എല്ലാപേരും ബംഗാളികളല്ലെന്നുള്ളതാണ് യാഥാർത്ഥ്യം. പക്ഷേ അങ്ങനെയാണെന്നാണ് ചിലർ പ്രചരിപ്പിച്ചിരുന്നത്. അവരോട് സംസാരിക്കുവാൻ ഭാഷയറിയാത്ത സാധാരണക്കാർ അവർ ബംഗാളികൾ തന്നെ എന്നുറപ്പിച്ചു. സിപിഎം ഭരിച്ചു മുടിച്ച ബംഗാളിൽ നിന്നും ജോലിക്കായി ബംഗാളികൾ കേരളത്തെ ആശ്രയിക്കുന്നുവെന്ന പ്രചരണത്തിന് വലിയ സാധ്യതയാണ് ഇക്കൂട്ടർ കണ്ടത്. കോൺഗ്രസ് പാർട്ടി ഒന്നോടുകൂടി ബിജെപിയിലേക്ക് ലയിച്ച് ത്രിപുരയിലും സിപിഎം അധികാരത്തിൻ്റെ പടിയിറങ്ങിയപ്പോൾ ബംഗാളി വാദം ഒന്നുകൂടി കൊഴുത്തു. 

കേരളത്തിൽ കഴിയുന്ന അതിഥി തൊഴിലാളികളെ സംബന്ധിച്ച് 2019ൽ പുറത്തുവന്ന വിവരങ്ങൾ ഇങ്ങനെയാണ്:അതിഥി തൊഴിലാളികളിൽ 20.28 ശതമാനം പേർ അസംകാരാണ്. ബിഹാറിൽ നിന്നുള്ളവർ 18.1 ശതമാനം ആൾക്കാർ. 15 ശതമാനം പേരാണ് ബംഗാളിൽ നിന്നും കേരളത്തിലെത്തി ജോലി ചെയ്യുന്നത്. അതേസമയം 14.83 ശതമാനം ഉത്തർപ്രദേശുകാരും കേരളത്തിലുണ്ട്. മറ്റു സംസ്ഥാനക്കാർ എല്ലാം കൂടിച്ചേർത്ത് 23.13 ശതമാനം പേരാണ് കേരളത്തിൽ പണിയെടുക്കുന്നത്. 

അതേസമയം ഇവിടെ വന്നു ജീവിക്കുന്ന ഭൂരിപക്ഷം തൊഴിലാളികളും പശ്ചിമബംഗാളിൽ നിന്നുള്ളവരല്ലെന്നുള്ളത് കേരളത്തിൽ പലർക്കും പുതിയ അറിവാണെന്നുള്ളതാണ് രസകരം. അത്രയ്ക്ക് തരംതാഴ്ന്ന വസ്തുതകളാണ് വിലകുറഞ്ഞ രാഷ്ട്രീയത്തിൻ്റെ പേരിൽ ഇക്കൂട്ടർ സാധാരണ ജനങ്ങളിലേക്ക് കുത്തിവച്ചത്. ഈ വാദങ്ങൾ മുന്നോട്ടുവയ്ക്കുന്ന ബിജെപിയും കോൺഗ്രസും ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. അവർ ഭരിക്കുന്ന അല്ലെങ്കിൽ അവർ സഖ്യകക്ഷികൾക്കൊപ്പം ചേർന്നു ഭരിക്കുന്ന സംസ്ഥാനത്തുനിന്നുള്ളവർ കഴിഞ്ഞേയുള്ളു പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം. 

ഒരുകാലത്ത് സിപിഎം കോട്ടയായിരുന്ന ബംഗാൾ പോലെയുള്ള ഒരു സംസ്ഥാനത്തു നിന്നും ആണ് തൊഴിലാളികൾ ജോലിക്കുവേണ്ടി ഇവിടേക്ക് വരുന്നത് എന്നു പറഞ്ഞാൽ ആർക്കാണ് കുറച്ചിൽ. സിപിഎമ്മിനു തന്നെ. കേരളം ഭരിക്കുന്നത് സിപിഎം ആണെങ്കിലും അതേ സിപിഎം ഭരിച്ച ബംഗാളിൽ നിന്നുള്ളവരാണ് ഇവിടെ ജോലി ചെയ്യുന്നതെന്നു പറയുന്നത് വല്ലാത്തൊരു സുഖമാണ് ഇക്കൂട്ടർക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിൽ നിന്നും കേരളം കാണാനെത്തുന്നവർ പോലും ഇവർക്ക് ബംഗാളികൾ തന്നെയാണ്.