കൊവിഡിൽ വിറച്ച് ലോകരാഷ്ട്രങ്ങൾ, മരണം 2.44 ലക്ഷം രോഗികളുടെ എണ്ണം 34.79 ലക്ഷം

single-img
3 May 2020

കൊവിഡ് ഭീഷണിയിൽ നിന്ന് കയറാനാകാതെ ലോകരാഷ്ട്രങ്ങൾ. വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ 5139 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്ത് ആകെ കൊവിഡ് മരണം 2.44 ലക്ഷമായി ഉയർന്നു. 212 രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണം 34.79 ലക്ഷമായി.

11.08 ലക്ഷം ആളുകള്‍ക്ക് അസുഖം ഭേദമായതായും 21.27 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലുളളതായും കണക്കുകള്‍ പറയുന്നു. ഇതില്‍ 50,864 പേരുടെ നില ഗുരുതരമാണ്. അതേ സമയം അമേരിക്കയിൽ കൊവിഡ് സംഹാരതാണ്ഡവമാടുകയാണ്.

24 മണിക്കൂറില്‍ 1,643 പേരാണ് മരിച്ചത്. 28,534 പേര്‍ക്ക് പുതിയതായി കൊവിഡ് പോസിറ്റീവ് കണ്ടെത്തുകയും ചെയ്തു. ഇതോടെ അമേരിക്കയില്‍ ആകെ മരണം 67,396. രോഗികള്‍ 11.59 ലക്ഷം. അസുഖം ഭേദമാകുന്നവരുടെ എണ്ണത്തില്‍ അമേരിക്ക വളരെ പിന്നിലാണ്.

അമേരിക്ക കഴിഞ്ഞാല്‍ ഒരുലക്ഷത്തിലേറെ രോഗികളുളള ഏഴ് രാജ്യങ്ങളാണുളളത്. സ്‌പെയിനിലും ഇറ്റലിയിലും രണ്ടുലക്ഷത്തിലേറെ കൊവിഡ് ബാധിതരുണ്ട്. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, റഷ്യ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. ചൈനയില്‍ ഇന്നലെയും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.