സിനിമ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ആരംഭിക്കാൻ മെയ് നാല് മുതൽ അനുമതി: മന്ത്രി എ കെ ബാലൻ

single-img
2 May 2020

മലയാള സിനിമയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മെയ് നാല് മുതൽ ആരംഭിക്കാൻ അനുമതി നൽകും.
ഒരുസമയം പരമാവധി അഞ്ച് പേർക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഈ മാസം നാല് മുതൽ ആരംഭിക്കാനാണ് അനുമതി. ഇതുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്.

സംസ്ഥാനത്തെ ഗ്രീൻ സോണിൽ ഓഫീസുകൾ പരിമിതമായ ആളുകളെ വെച്ച്‌ തുറക്കുന്ന സാഹചര്യത്തിലാണ് പ്രധാന വ്യവസായ രംഗമായ സിനിമാ-ടെലിവിഷൻ മേഖലയിലും ചില ജോലികൾക്ക് അനുമതി നൽകുന്നത്. സ്റ്റുഡിയോ കേന്ദ്രീകരിച്ചുള്ള ഡബ്ബിങ്ങ്‌, സംഗീതം, സൗണ്ട്‌ മിക്സിങ്ങ്‌ എന്നീ ജോലികൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കാം.

ഇത്തരത്തിലുള്ള ജോലികൾ പുനഃരാരംഭിക്കുന്നതിനു മുമ്പ്‌, സ്റ്റുഡിയോകൾ അണുമുക്തമാക്കണം. സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മർഗ്ഗങ്ങളായ മാസ്‍ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവ കർശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികൾ പുനഃരാരംഭിക്കുവാൻ എന്നും മന്ത്രി അറിയിച്ചു.