താല്‍പര്യമുള്ളവർ പോയാൽ മതി; നാട്ടിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഡിജിപി

single-img
2 May 2020

കൊറോണ കരുതലിന്റെ ഭാഗമായി സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ കേരളത്തിലെ അതിഥി തൊഴിലാളികളില്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്‍റ. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

തിരികെ നാട്ടിലേക്ക് പോകാന്‍ താല്‍പര്യമുള്ള അതിഥി തൊഴിലാളികള്‍ മാത്രം പോയാൽ മതി. ഇതിനായി ആരെയും നിര്‍ബന്ധിക്കില്ല. തിരികെ പോകാൻ താല്‍പര്യമുള്ളവരെ തൊഴില്‍ദാതാക്കള്‍ തടയാനും പാടില്ല. തിരികെ പോകുന്നവർ കുടുംബത്തെ സന്ദര്‍ശിച്ചശേഷം തിരിച്ചുവന്ന് കേരളത്തിലെ ജോലികള്‍ തുടരണമെന്നും ഡിജിപി അഭ്യര്‍ത്ഥിച്ചു.

അതേസമയം തൊഴിലാളികളുമായി ആലുവയില്‍ നിന്നും തമ്പാനൂരില്‍ നിന്നും ഇന്നും ട്രെയിനുകള്‍ പുറപ്പെട്ടു. കോഴിക്കോട്, തിരൂര്‍, എറണാകുളം എന്നിവടങ്ങളില്‍ നിന്നായി അതിഥി തൊഴിലാളികളുമായി ട്രെയിനുകള്‍ ഇന്ന് തന്നെ യാത്ര തിരിക്കും. ഏകദേശം1125 പേരാണ് ജാർഖണ്ഡ് ഹാത്തിയയിലേക്കുള്ള പ്രത്യേക ട്രെയിനിൽ തമ്പാനൂരില്‍ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം മുക്കോല, നെടുമങ്ങാട്, പോത്തൻകോട് തുടങ്ങിയ പ്രദേശങ്ങളിലെ താല്‍ക്കാലിക ക്യാമ്പുകളിൽ നിനനുള്ളവരാണ് ഇതിൽ കൂടുതൽ ആളുകൾ.