ക്യാഷ്‌ലെസ് ഇന്‍ഷുറന്‍സിലൂടെ മുഴുവൻ ആളുകളുടെയും ചികിത്സാച്ചെലവ് ഏറ്റെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍

single-img
2 May 2020

മഹാരാഷ്ട്രയിലെ കോവിഡ് വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതോടെ സംസ്ഥാനത്തെ മുഴുവൻ ആളുകളുടെയും ചികിത്സാച്ചെലവ് ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് എല്ലാവര്ക്കും സൗജന്യമായി ക്യാഷ്‍‍ലസ് ഇൻഷുറൻസ് സൗകര്യം ഒരുക്കുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപെയുടേതാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ജാല്‍നയില്‍ മഹാരാഷ്ട്ര ദിന പരിപാടിയോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വെള്ള റേഷൻകാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കും സൗജന്യാചികിത്സാ സഹായം ലഭിക്കും. സംസ്ഥാനത്തെ കൊവിഡ് 19 രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ജനറൽ ഇൻഷുറൻസ് പബ്ലിക് സെക്ടര്‍ അസോസിയേഷനുമായി ധാരണാപത്രം ഒപ്പിട്ടതായി മന്ത്രി അറിയിച്ചു. നിലവില്‍ കൊവിഡ് ചികിത്സക്ക് തയ്യാറാക്കിയ പദ്ധതിയുടെ മാതൃകയില്‍ എല്ലാ രോഗങ്ങളുടെയും ചികിത്സക്കായി പാക്കേജുകള്‍ തയാറാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

ഇതിന് മുന്‍പ് 496 ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന സേവനം 1000 ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുമുണ്ട്. സംസ്ഥാന ദുരന്ത നിവാരണ നിയമപ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് 19 ചികിത്സക്കുള്ള നിരക്ക് നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു.