കൊറോണയിൽ ഒറ്റപ്പെട്ട് ഡൽഹി; അതിര്‍ത്തികള്‍ അടച്ച്‌ യുപിയും ഹരിയാനയും

single-img
2 May 2020

ഡല്‍ഹി: കൊറോണ ബാധിതരുടെ എണ്ണം ദിനം പ്രതി വർധിച്ചതോടെ ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നു. രോഗത്തിന്റെ സമൂഹവ്യാപനം തടയാനായി അതിര്‍ത്തികള്‍ അടച്ച്‌ യുപിയും ഹരിയാനയും നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ ഡല്‍ഹി ഒറ്റപ്പെട്ട അവസ്ഥയിലാണ്.

അതിർത്തി കടന്നെത്താൻ ഡോക്ടര്‍മാരുള്‍പ്പടെ ആര്‍ക്കും ഇളവില്ലെന്ന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് അതിര്‍ത്തി കടക്കാന്‍ പ്രത്യേക കര്‍ഫ്യു പാസ് ഏര്‍പ്പെടുത്തി.
ഇരു സംസ്ഥാനങ്ങളിൽ നിന്നും ഡല്‍ഹിയിലേക്കുള്ള നാല് പാതകളും അടച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിര്‍ത്തിക്കപ്പുറത്ത് ജോലി ചെയ്യുന്ന പോലിസുകാര്‍ക്ക് പോലും ഇളവില്ല.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടക്കം കര്‍ഫ്യു പാസ് നിര്‍ബന്ധമാക്കിയാണ് യുപി സര്‍ക്കാരിന്റെ നിയന്ത്രണം. ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണം കടുപ്പിച്ചത്. ചരക്ക് വാഹനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പ്രത്യേക പാസ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഇരുസംസ്ഥാനങ്ങളും പിന്‍വലിച്ചു.