വിദേശത്തുനിന്ന് കേരളത്തിലേക്ക് മടങ്ങാൻ 3.98 ലക്ഷം പ്രവാസികൾ; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം

single-img
2 May 2020

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത പ്രവാസിമലയാളികളുടെ എണ്ണം 5.34 ലക്ഷമായി. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിവരുന്നതിനായി 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 1.36 ലക്ഷം പേരും നോർക്കയിൽ ഇതിനകം രജിസ്റ്റർ ചെയ്തു.

രജിസ്റ്റർ ചെയ്തവരുടെ പേര് വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എമ്പസികൾക്കും അയച്ചുകൊടുക്കും. നേരത്തേ പ്രഖ്യാപിച്ചിരുന്ന വിഭാഗങ്ങൾക്ക് മുൻഗണന നൽകാനും അഭ്യർത്ഥിക്കും. ഏറ്റവും കൂടുതൽ വിദേശ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യു എ ഇയിൽ നിന്നാണ്. ഇവിടെനിന്ന് ശനിയാഴ്ച വരെ 175423 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിൽ നിന്ന് 54305 പേരും യു കെയിൽ നിന്ന് 2437 പേരും അമേരിക്കയിൽ നിന്ന് 2255പേരും ഉക്രൈയിനിൽ നിന്ന് 1958 പ്രവാസികളും മടങ്ങി വരുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതര സംസ്ഥാന പ്രവാസികളുടെ രജിസ്‌ട്രേഷനിൽ കർണാടകയിൽ നിന്നാണ് കൂടുതൽ പേരും രജിസ്റ്റർ ചെയ്തിട്ടുള്ളത്, ഇവിടെനിന്നും 44871 പേരാണ് മടങ്ങിവരാൻ ആഗ്രഹിക്കുന്നത്. തമിഴ്നാട് 41425 മഹാരാഷ്ട്ര 19029 എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.