വിലയിരുത്തൽ തെറ്റ്; കേന്ദ്രസർക്കാർ നിശ്ചയിച്ച റെഡ്സോൺ പട്ടിക തിരുത്തി പശ്ചിമ ബംഗാൾ

single-img
1 May 2020

കോവിഡ് 19 വ്യാപനത്തിന്റെ വിലയിരുത്തല്‍ അടിസ്ഥാനമാക്കി റെഡ്സോണുമായി ബന്ധപ്പെട്ടു കേന്ദ്രം കൈക്കൊണ്ട തീരുമാനം തിരുത്തി ബംഗാൾ.സംസ്ഥാനത്തെ 23 ജില്ലകളിലെ 10 എണ്ണമായിരുന്നു റെഡ്സോണുകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിന്‍റെ പിന്നാലെയാണ് വിശദീകരണവുമായി മമത ബാനർജി സർക്കാർ രംഗത്തെത്തിയത്. ബംഗാളില്‍ 4 കോവിഡ് റെഡ്സോണുകൾ മാത്രമേ ഉള്ളൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

‘രോഗ ബാധിത സംസ്ഥാനങ്ങളിലെ റെഡ്സോണുകൾ തരംതിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇപ്പോഴുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നാലു ജില്ലകൾ മാത്രമാണ് റെഡ്സോണിലുള്ളത്– തലസ്ഥാനമായ കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പുർബ മെഡിനിപുർ’ എന്നിവയാണ് അതെന്ന് ബംഗാളിലെ ആരോഗ്യ സെക്രട്ടറി കേന്ദ്രത്തിന് അയച്ച കത്തിൽ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിലയിരുത്തൽ തെറ്റാണെന്ന് വിലയിരുത്തിയ ബംഗാൾ ആരോഗ്യ വകുപ്പ്, തിരുത്തൽ പുറപ്പെടുവിക്കാനും മന്ത്രാലയത്തോട് അഭ്യർഥിച്ചു. ബംഗാള്‍ പറയുന്ന സ്ഥലങ്ങള്‍ക്ക് പുറമേ , സൗത്ത് 24 പർഗാനാസ്, പാസ്ചിം മെഡിനിപുർ, ഡാർജിലിങ്, ജൽപായ്ഗുരി, കലിംപോങ്, മാൽഡ എന്നിവയെയും റെഡ്സോണുകളായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു.

രാജ്യമാകെയുള്ള 130 റെഡ് സോണുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ഈ പട്ടിക അനുസരിച്ച് ഗ്രീൻ സോണുകളുടെ എണ്ണവും 356ൽ നിന്ന് 319 ആയി കുറഞ്ഞു.