പ്രവാസികൾ 5000 രൂപയുടെ ധനസഹായത്തിന് സമർപ്പിക്കുന്ന അപേക്ഷയിൽ വിമാനടിക്കറ്റ് നിർബന്ധമല്ല

single-img
1 May 2020

നാട്ടിലെത്തിയ ശേഷം തിരികെ പോകാതിരിക്കുകയും ചെയ്ത പ്രവാസി മലയാളികൾക്കുള്ള 5000 രൂപയുടെ ധനസഹായത്തിന് സമർപ്പിക്കുന്ന അപേക്ഷയിൽ വിമാനടിക്കറ്റ് നിർബന്ധമല്ല. 2020 ജനുവരി ഒന്നിനോ ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്കായാണ് സർക്കാർ 5000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു.

പക്ഷെ ഇപ്പോൾ വിമാനടിക്കറ്റ് നിർബന്ധമല്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്പോർട്ട് പേജ് അപ് ലോഡ് ചെയ്താൽ മതിയെന്നും നോർക്ക സിഇഒ അറിയിച്ചു. നിലവിൽ കാലാവധി കഴിയാത്ത വിസ, പാസ്പോർട്ട് ഉള്ളവർക്കും ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. വിമാന ടിക്കറ്റിന്റെ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. ഈ മാസം അഞ്ചുവരെ അപേക്ഷ സ്വീകരിക്കും.