ഒമാനിൽ സ്വദേശിവത്കരണം, ഏറ്റവുമധികം ബാധിക്കുക മലയാളികളെ: ആശങ്കയിൽ പ്രവാസികൾ

single-img
1 May 2020

മസ്‌കറ്റ് : കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെ സ്വദേശിവത്കരണവും ഒമാനിലെ പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. സർക്കാർ മേഖലയിലെ മുഴുവൻ വിദേശികളെയും പിരിച്ചുവിട്ടുകൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവത്കരണത്തിനു ഒമാൻ ഭരണകൂടം പദ്ധതി തയ്യാറാക്കി .

സർക്കാർ മേഖലയിലെ മുഴുവൻ വിദേശ ജീവനക്കാരെയും ഘട്ടംഘട്ടമായി പിരിച്ചുവിടും. പകരം ഒമാൻ പൗരന്മാരെ ആ തസ്തികകളിൽ നിയമിക്കും. ഇതിനുവേണ്ട തുടർ നടപടി കൈക്കൊള്ളാൻ ഒമാൻ ഭരണകൂടം ധനകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സർക്കാർ ജോലിക്ക് യോഗ്യരായ സ്വദേശി പൗരന്മാരെ ഉടൻ കണ്ടെത്തി മതിയായ പരിശീലനം നൽകും. ജൂലായ് മാസത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ച നിർദേശം. ഒമാനിലെ സർക്കാർ മേഖലയിൽ മുപ്പത് ശതമാനത്തോളം വിദേശികൾ ഉണ്ട്. ഭൂരിഭാഗവും മലയാളികളാണ്. ഇപ്പോൾ പ്രഖ്യാപിച്ച സ്വദേശിവത്കരണ പദ്ധതി നടപ്പാകുന്നതോടെ ഒമാനിലെ പതിനായിരക്കണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമാകും.

സ്വകാര്യ മേഖലയിലും ഒമാൻ സ്വദേശിവത്കരണം ഊർജിതമാക്കുകയാണ്. വിമാന സർവീസുകൾ പുനരാരംഭിച്ചാൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ അവരവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാം. ഈ ഒഴിവുകളിലും സ്വദേശികളെയാവും നിയമിക്കുക. സ്വകാര്യ മേഖലയിലെ വിദേശികൾ നാട്ടിലേക്ക് മടങ്ങാൻ തയ്യാറാവുക എന്ന് സർക്കാർ അറിയിപ്പ് നൽകിക്കഴിഞ്ഞു. സ്വകര്യ മേഖലയിലെ സ്വദേശിവത്കരണം കൂടി യാഥാർഥ്യമാകുന്നതോടെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം ഗണ്യമായി കൂടും. ഏതൊക്കെ മേഖലയിൽനിന്ന് ആരെയൊക്കെ പിരിച്ചു വിടണം എന്ന് വിവിധ വകുപ്പുകൾ പഠനം നടത്തും. ഇത്തരം പഠനങ്ങളും തുടർ നടപടികളും വേഗത്തിലാക്കാൻ ധനമന്ത്രാലയം വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു .

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഒമാൻ ഭരണകൂടം ഇത്ര വലിയ രീതിയിൽ സ്വദേശിവത്കരണ നടപടികൾ പ്രഖ്യാപിച്ചത്. സൗദി അറേബ്യയിലെ നിതാഖാത്തിനുശേഷം ഇതാദ്യമായാണ് ഒരു ഗൾഫ് രാജ്യം വലിയരീതിയിൽ സ്വദേശിവത്കരണം നടപ്പാക്കുന്നത്. കോവിഡ് പ്രതിസന്ധി കാരണം ഇപ്പോൾതന്നെ ഒമാനിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമായി കഴിഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടികൾകൂടി പ്രാബല്യത്തിലാകുന്നതോടെ ഒമാനിലെ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുകയോ മറ്റ് ഗൾഫ് നാടുകളിൽ തൊഴിൽ അന്വേഷിക്കുകയോ ചെയ്യേണ്ടി വരും.