‘ചങ്ങല പൊട്ടിച്ചവരെ ചരിത്രം കുറിച്ചിട്ടുള്ളൂ’ നമുക്ക് ഒന്നിച്ച് മുന്നേറാം; തൊഴിലാളി ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

single-img
1 May 2020

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് മെയ് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിയിൽ ലോകമെങ്ങും വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഇത്തവണത്തെ മെയ് ദിനം. തൊഴിലാളി വർഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയർന്ന നിലയിൽ നിർവ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവർ തങ്ങളുടേതായ രീതിയിൽ ഈ കൊവിഡ് 19 നെ പിടിച്ചുകെട്ടാൻ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു.

അവർക്കെല്ലാം കേരളത്തിന്‍റെ ബിഗ് സല്യൂട്ട് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഈ മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വർഗം തന്നെയാണ്. അവരെ ചേർത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക്ക്ഡൗൺ കാലം വരുമാന നഷ്ടത്തിന്‍റെ കാലമായപ്പോൾ അവർക്ക് താങ്ങായി നിൽക്കാനുള്ള പദ്ധതികളാണ് നാം കേരളത്തിൽ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓർമ്മയിൽ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയിൽ ലോകമെങ്ങും വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വർഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയർന്ന നിലയിൽ നിർവ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവർ തങ്ങളുടേതായ രീതിയിൽ ഈ കോവിഡ് – 19 നെ പിടിച്ചുകെട്ടാൻ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു. അവർക്കെല്ലാം കേരളത്തിൻ്റെ ബിഗ് സല്യൂട്ട്. ഈ മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വർഗം തന്നെയാണ്. അവരെ ചേർത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക് ഡൗൺ കാലം വരുമാന നഷ്ടത്തിൻ്റെ കാലമായപ്പോൾ അവർക്ക് താങ്ങായി നിൽക്കാനുള്ള പദ്ധതികളാണ് നാം കേരളത്തിൽ നടപ്പാക്കിയത്. നമ്മുടെ സാമൂഹിക ഒരുമയിൽ നമുക്ക് ആ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായി. നമ്മുടെ അതിഥി തൊഴിലാളികളേയും വിഷമതകളില്ലാതെ ചേർത്തു പിടിച്ചു. കോവിഡ് – 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊർജ്ജമാകട്ടെ.