അമേരിക്കയിൽ രോഗബാധിതർ പത്തര ലക്ഷം, നാട്ടിലേക്ക് ഇപ്പോഴില്ല: ഇന്ത്യയാണ് സുരക്ഷിതമെന്ന് യു.എസ്. പൗരന്മാർ

single-img
30 April 2020

അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രാജ്യത്ത് പത്തര ലക്ഷമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം 20000ലെറെ പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാട്ടിലേക്കു തിരികെപ്പോകാനുള്ള തീരുമാനം ഉപേക്ഷിച്ചിരിക്കുകയാണ് ഇന്ത്യയിൽ കുടുങ്ങിയ യു.എസ്. പൗരന്മാർ. നാട്ടിലേക്ക് തിരിച്ചുപോകാൻ എയർലിഫ്റ്റിനായി അപേക്ഷ നൽകിയിരുന്നവരിൽ ഒട്ടേറെപ്പേർ ഇപ്പോൾ ഇന്ത്യയിൽത്തന്നെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ്. വിദേശകാര്യ മന്ത്രാലയം പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലാൻ ബ്രൗൺ ലീ പറഞ്ഞു.

‘വിദേശകാര്യമന്ത്രാലയം സജ്ജീകരിച്ച വിമാനങ്ങളിൽ സീറ്റ്‌ ബുക്കു ചെയ്യാനുള്ള അറിയിപ്പുകളോട്, നേരത്തേ എയർലിഫ്റ്റിനായി രജിസ്റ്റർ ചെയ്തിരുന്നവർ പ്രതികരിക്കുന്നില്ല. രണ്ടാഴ്ചമുമ്പുവരെ നാട്ടിലേക്കു തിരിച്ചെത്താൻ താത്പര്യം പ്രകടിപ്പിച്ചിരുന്നവരാണിവർ. എന്നാൽ, ഇപ്പോൾ അവർ പ്രതികരിക്കുന്നില്ല” -ബ്രൗൺ ലീ പറഞ്ഞു.

യു.എസിൽ കോവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷം കടന്നു. രോഗവ്യാപനം തടയുന്നതിൽ യു.എസ്. സർക്കാർ പരാജയപ്പെട്ടുവെന്ന് വിമർശനമുയരുന്ന സാഹചര്യത്തിലാണ് തിരികെപ്പോകേണ്ടെന്ന യു.എസ്. പൗരന്മാരുടെ തീരുമാനം.