ശവമഞ്ചമേന്തി നൃത്തം ചെയ്യുന്ന യുവാക്കൾ; കാര്യങ്ങൾ നിങ്ങൾ കരുതുന്നത് പോലല്ല

single-img
30 April 2020

ശവമഞ്ചവുമേന്തി സ്യൂട്ടണിഞ്ഞ കുറച്ച് യുവാക്കൾ. ഒരു പ്രത്യേക രീതിയിലുള്ള ചുവടുകളുമായി അവർ നൃത്തം ചെയ്യുകയാണ്. ഈ മീം പലപ്പോഴും പലതരത്തിൽ നാം നമ്മുടെ ടൈം ലൈനിൽ കണ്ടിട്ടുണ്ടാവും. ചിത്രം ആയും വീഡിയോ ആയും ഒരു തവണയെങ്കിലും ഈ മീം നമ്മൾ കാണാറുണ്ട്. ശരിക്കും ഈ മീമിനു പിന്നിലെ കഥ ആലോചിച്ചിട്ടുണ്ടോ? അത് ഇങ്ങനെയാണ്.

മീമിലുള്ളത് ഘാനയിൽ ശവമഞ്ചം ചുമക്കുന്നതിന് ഔദ്യോഗികമായി നിയമിക്കപ്പെട്ടവരാണ്. ഘാനയിലെ സംസ്കാരം അനുസരിച്ച് ശവമഞ്ചം ചുമക്കുമ്പോൾ ഒരു പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കൈകൾ ഒരു പ്രത്യേക താളത്തിൽ വീശണം. എങ്കിലും ഓരോ ചുമട്ടുകാർക്കും ഓരോ തരത്തിലുള്ള കരചലനങ്ങളും പതിവുകളുമാണുള്ളത്. വൈറലായ മീമിൽ നൃത്തം ചെയ്തു കൊണ്ടാണ് അവർ സങ്കടം അറിയിക്കുന്നത്. തമിഴ്നാടിൻ്റെ ചില ഭാഗങ്ങളിൽ കാണുന്ന ആചാരത്തിൻ്റെ ആഫ്രിക്കൻ വേർഷൻ എന്ന് പറയാം.

തമിഴ്നാട്ടിലെ ആചാരത്തോട് സമാനതകളുണ്ടെങ്കിലും ഇവർ ശവപ്പെട്ടി കൊണ്ടും അഭ്യാസങ്ങൾ കാണിക്കും. ശവമഞ്ചം എറിഞ്ഞു പിടിച്ചും വട്ടം കറക്കിയുമൊക്കെ ഇവർ ചുവടുവെക്കും. നാല് മുതൽ ആറ് വരെ പേരടങ്ങുന്ന സംഘമാവും ഇവരിൽ ഉണ്ടാവുക. 3 മുതൽ ഏഴ് വരെ ദിവസങ്ങൾ നീണ്ട് നിൽക്കുന്ന അന്ത്യ കർമ്മങ്ങൾക്കനുസരിച്ചാണ് ഇവർക്കുള്ള കൂലി.