മദ്യശാലകൾ തുറക്കാൻ പത്തിന നിർദേശങ്ങളുമായി ബിവറേജസ് കോർപറേഷൻ എംഡി

single-img
30 April 2020

ലോക്ക് ഡൗണിനെത്തുടർന്ന് അടച്ചു പൂട്ടിയ ബിവറേജസ് ഔട്ട്ലെറ്റുകൾ തുറക്കാൻ നിർദേശങ്ങളുമായി ബിവറേജസ് കോർപറേഷൻ എംഡി. സര്‍ക്കാര്‍ തീരുമാനം വരുന്ന മുറക്ക് ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ മുന്നൊരുക്കം നടത്താനാണ് നിര്‍ദേശം.പത്തിന നിര്‍ദ്ദേശങ്ങളാണ് എംഡി ജീവനക്കാര്‍ക്ക് നല്‍കുന്നത്.

മേയ് നാലുമുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തയാറെടുക്കാന്‍ ബവ്കോ ഔട്‌ലെറ്റുകള്‍ക്ക് കോര്‍പറേഷന്റെ നിര്‍ദേശം നല്‍കി. ഔട്‌ലെറ്റുകളും ഗോഡൗണുകളും സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ എം.ഡി സര്‍ക്കുലറായി പുറത്തിറക്കി.നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവു വന്നാല്‍ മേയ് 4 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നാണ് ബവ്റിജസ് കോര്‍പറേഷന്റെ വിലയിരുത്തല്‍.

സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചൂണ്ടി കാണിച്ചു കൊണ്ടു ഔട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബവ്റിജസ് എം.ഡി, സ്പര്‍ജന്‍ കുമാര്‍ കത്തു നല്‍കി.ഇതില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ് തുറക്കുന്നതിനു മുമ്ബ് ഔട്ട് ലെറ്റുകളും വെയര്‍ഹൗസുകളും അണു നശീകരണം നടത്തണം, തുറന്നു പ്രവര്‍ത്തിക്കുന്ന ഔട്‌ലെറ്റുകളുടെ മുന്നില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, സാമൂഹിക അകലം പാലിക്കുന്നെന്നു ഉറപ്പു വരുത്തണം തുടങ്ങി പത്തിന നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.

സർക്കുലറിൽ പറ‍ഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നു ഓഡിറ്റര്‍മാര്‍ പരിശോധനയില്‍ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.മാര്‍ച്ച്‌ 24 മുതലാണ് ഔട്‌ലെറ്റുകളും, ഗോഡൗണുകളും പൂട്ടിയത്. പിന്നീട് ഡോക്ടറുടെ കുറിപ്പടിയില്‍ ഗോഡൗണുകളില്‍ നിന്നു മദ്യം നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനായി അബ്കാരി ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതിയും വരുത്തിയിരുന്നു.