വിടവാങ്ങിയത് ബോളിവുഡിന്റെ റൊമാന്റിക് ഹീറോ; താരലോകത്തിന് നികത്താനാകാത്ത നഷ്ടം

single-img
30 April 2020

ബോളിവുഡ് സിനിമയിലെ കാരണവന്മാരായ കപൂര്‍ കുടുംബത്തിലെ മൂന്നാം തലമുറയിലെ പ്രമുഖനാണ് ഋഷികപൂര്‍. മുത്തച്ഛന്‍ പൃഥ്വിരാജ്കപൂറിനും പിതാവ് രാജ്കപൂറിനും പിന്നാലെ 1970 ല്‍ മേരാനാം ജോക്കര്‍ എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് ഋഷികപൂര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. വളര്‍ന്നതോടെ അദ്ദേഹം ചോക്‌ളേറ്റ് നായകനായി ബോളിവുഡിനെ കീഴടക്കി.

അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. 1973-2000 വരെയുള്ള കാലഘട്ടത്തില്‍ 90 ലേറെ സിനിമകളിലാണ് പ്രണയനായകനായി അദ്ദേഹം അഭിനയിച്ചത്.2004നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

അമര്‍ അക്ബര്‍ ആന്റണി, ലൈല മജ്‌നു, ബോല്‍ രാധാ ബോല്‍, റാഫൂ ചക്കര്‍, പ്രേം രോഗ്‌, ഹണിമൂന്‍, ചാന്ദ്‌നി തുടങ്ങിയ സിനിമകള്‍ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ ബോളിവുഡ് ഏക്കാലത്തെയും പ്രണയ ഗാനങ്ങളാണ്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം ദി ബോഡിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. നടൻ മാത്രമല്ല നിർമ്മാതാവ് സംവിധായകൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു ബോളിവുഡിന്റെ ഈ പ്രണയനായകൻ .

പതിനഞ്ചോളം സിനിമകളില്‍ തന്റെ നായികയായി എത്തിയ നീതു സിംഗിനെയാണ് ഋഷി കപൂര്‍ തന്റെ ജീവിതസഖിയാക്കിയത്. പ്രമുഖ ചലച്ചിത്ര സംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍. യുവതാരങ്ങളില്‍ ശ്രദ്ധേയനായ രണ്‍ബീര്‍ കപൂറും ഋതിമ കപൂറുമാണ് മക്കള്‍. നടന്മാരായ രണ്‍ധീര്‍ കപൂര്‍, രാജീവ് കപൂര്‍ എന്നിവര്‍ സഹോദരന്മാരാണ്.

ചെറുപ്പത്തിന്റെ ഊർജവും ചുറുചുറുക്കും എന്നും കാത്തു സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം ബോളിവുഡിലെ മികച്ച നടന്മാരില്‍ ഒരാളായ ഇര്‍ഫാന്‍ഖാന്റെ വിയോഗത്തിന് പിന്നാലെ ഋഷികപൂറും വിടപറഞ്ഞതോടെ ബോളിവുഡിൽ അക്ഷരാര്‍ത്ഥത്തില്‍ നഷ്ടങ്ങളുടെ തുടർച്ചയാണെന്നും തന്നെ പറയാം.