തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ നടത്താന്‍ ഒരു ആന; അനുമതി നല്‍കാനാവില്ലെന്ന് ജില്ലാ കലക്ടര്‍

single-img
30 April 2020

തൃശ്ശൂര്‍ പൂരത്തിലെ ഈ വർഷത്തെ ചടങ്ങുകള്‍ ഒരു ആനയെ വെച്ച് നടത്താന്‍ അനുമതി തേടി പാറമേക്കാവ് ദേവസ്വം ബോര്‍ഡ് നല്‍കിയ കത്ത് ജില്ലാ ഭരണകൂടം തള്ളി. ഇതിന് അനുമതി നല്‍കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ പാറമേക്കാവ് ദേവസ്വത്തെ അറിയിച്ചു. ഇതോടൊപ്പം അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ലെന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ഉറപ്പും കലക്ടര്‍ അംഗീകരിച്ചില്ല.

മുൻപുംതൃശൂര്‍ പൂരം മുടങ്ങിയപ്പോഴും ഒരാനപ്പുറത്ത് ചടങ്ങ് നടത്തിയിരുന്നെന്നായിരുന്നു പാറമേക്കാവ് ദേവസ്വത്തിന്റെ അവകാശവാദം. തൃശൂര്‍ ജില്ലയില്‍ നിലവില്‍ കോവിഡ് വൈറസ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡ് ഈ ആവശ്യം മുന്നോട്ട് വെച്ചത്.

എന്നാൽ ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് പാറമേക്കാവ് ദേവസ്വത്തിന്റെ ആവശ്യം തള്ളിയത്.അടുത്തമാസം രണ്ടിനാണ് തൃശൂര്‍പൂരം.