`എന്നെ കെട്ടിയില്ലെങ്കിൽ നീ ആരേയും കെട്ടേണ്ട´: മലപ്പുറത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ പെണ്‍കുട്ടിയുടെ വിവാഹം മുടക്കിയ യുവാവ് അറസ്റ്റിൽ

single-img
30 April 2020

പ്രണയാഭ്യര്‍ഥന നിരസിച്ചതിൻ്റെ പേരില്‍ ആ വെെരാഗ്യം മനസ്സിലിട്ട് പെണ്‍കുട്ടിയെ തുടർച്ചയായി ആക്രമിച്ചുകൊണ്ടിരിക്കുന്ന കേസിലെ പ്രതി കസ്റ്റഡിയില്‍. കോക്കൂര്‍ സ്വദേശി ജുനൈദ്‌ ആണ്‌ പിടിയിലായത്‌. ഇയാളുടെ ഉപദ്രവം മൂലം പെണ്‍കുട്ടി ആത്മഹത്യക്ക്‌ ശ്രമിച്ചിരുന്നു.

പെണ്‍കുട്ടിക്ക്‌ വരുന്ന വിവാഹാലോചനകള്‍ മുടക്കുന്നതായും, കഴിഞ്ഞ ദിവസം വീട്ടിലെത്തി പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും കുടുംബം പൊലീസിന്‌ പരാതി നല്‍കിയതിൻ്റെ പേരിലാണ് അറസ്റ്റ്. 

ഇയാള്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നെന്നും, നിരസിച്ചതിന്റെ പേരില്‍ ശാരീരികമായും മാനസികമായും ആക്രമിക്കുന്നുവെന്നും കാണിച്ച്‌ പെണ്‍കുട്ടി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഇയാളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഉപദ്രവം തുടര്‍ന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിൻ്റെ പേരില്‍ ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്‌.