അമേരിക്കയേക്കാൾ സുരക്ഷിതം കേരളം; വിസ നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അമേരിക്കൻ പൌരന്റെ ഹർജി

single-img
30 April 2020

ലോകത്ത് പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്നവർ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുപോകാൻ വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ ജന്മനാട്ടിലേയ്ക്കയയ്ക്കരുതെന്നാവശ്യപ്പെട്ട് ഒരു അമേരിക്കൻ പൌരൻ കേരള ഹൈക്കോടതിയിൽ. കൊറോണക്കാലത്ത് തന്റെ രാജ്യത്തേക്കാൾ സുരക്ഷിതം കേരളമായതിനാൽ തന്റെ വിസ കാലാവധി നീട്ടിനൽകി തന്നെ ഇവിടെ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹത്തിന്റെ ഹർജി

അമേരിക്കൻ നാടക സംവിധായകനായ ടെറി ജോൺ കണ്വേഴ്സ് ആണ് കേരള ഹൈക്കോടതിയിൽ ഹർജി നൽകിയത്. തന്റെ വിസ കാലാവധി ആറുമാസമെങ്കിലും നീട്ടി നൽകണമെന്നാണ് 74 വയസുകാരനായ ഇദ്ദേഹത്തിന്റെ ആവശ്യം. അമേരിക്കയിൽ സ്ഥിതിഗതികൾ വഷളായതിനാൽ ഇദ്ദേഹം ഇപ്പോൾ അങ്ങോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല.

“കൊച്ചിയിൽ ഒരു ഇന്ത്യൻ കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇന്ത്യ പൊതുവെയും അതിൽ കേരളം പ്രത്യേകിച്ചും ഈ വൈറസിനെ നേരിടുന്നത് വളരെ നല്ല രീതിയിലാണ്. ഈ മഹാമാരിയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിലും അതിനെ നേരിടുന്നതിലും കേരള സർക്കാർ ചെയ്യുന്ന കാര്യങ്ങൾ സ്തുത്യർഹമാണ്.”

ടെറി ജോൺ കണ്വേഴ്സ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തോട് പറഞ്ഞു.

വാഷിംഗ്ടൺ സ്റ്റേറ്റ് സർവ്വകലാശാലയിൽ നാടകവിഭാഗത്തിൽ എമരിറ്റസ് പ്രൊഫസറായ ടെറി ജോൺ കണ്വേഴ്സ്, ചാരു നാരായണകുമാർ എന്ന നാടകപ്രവർത്തകന്റെ പനമ്പിള്ളി നഗറിലുള്ള വസതിയിലാണ് താമസിക്കുന്നത്.

അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിൽ ടെറി ജോണിന്റെ വിസ നീട്ടിനൽകുന്നതിൽ പ്രശ്നമൊന്നുമില്ലെന്നായിരുന്നു ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ ഉത്തരവ്.